
മാവേലിക്കര: ആലപ്പുഴ കണ്ടിയൂരിൽ ഓടി വന്ന കാർ കത്തിനശിച്ചു. കുടുംബം രക്ഷപെട്ടത് തലനാരിഴക്ക്. കണ്ടിയൂർ ഉഷസിൽ കൃഷ്ണപ്രസാദിന്റെ ടൊയോട്ട എത്തിയോസ് കാറാണ് കത്തി നശിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് 6.15 ഓടെയാണ് സംഭവം. കൃഷ്ണ പ്രസാദും മക്കളായ കാശിനാഥും അഭയനാഥും പുറത്ത് പോയി വന്നശേഷം കാർ വീടിനുള്ളിലേക്ക് കയറ്റുമ്പോൾ കാറിൽ തീ ഉയരുകയായിരുന്നു.
മൂവരും തത്ക്ഷണം കാറിൽ നിന്ന് ഇറങ്ങിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മാവേലിക്കരയിൽ നിന്നും അഗ്നി രക്ഷസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. കാർ പൂർണമായും കത്തിനശിച്ചു. മാസങ്ങൾക്ക് മുൻപ് കണ്ടിയൂരിൽ സമാന അപകടത്തിൽ യുവാവ് വെന്ത് മരിച്ചിരുന്നു.
ഡിസംബർ മാസത്തിൽ മേലാറ്റൂരിൽ ഓടിക്കൊണ്ടിരിക്കെ തീപിടിച്ച് വാൻ പൂർണമായും കത്തിനശിച്ചു. പുക കണ്ട് പുറത്തേക്കിറങ്ങിയ ഡ്രൈവർ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പെരിന്തൽമണ്ണയിൽ നിന്ന് മേലാറ്റൂരിലേക്ക് പെയിന്റുമായി വന്ന വാനാണ് കത്തിനശിച്ചത്. വാഹനത്തിനകത്തേക്ക് തീ പടർന്നതോടെ പെയിന്റ് ടിന്നുകൾ പൊട്ടിത്തെറിച്ചു. പിന്നാലെ വാന്‍ പൂർണമായും കത്തിനശിച്ചിരുന്നു. നവംബർ ആദ്യ വാരത്തിൽ എറണാകുളത്തും സമാന സംഭവമുണ്ടായിരുന്നു.
എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം അങ്കമാലി ദേശീയപാതയിൽ ഇടപ്പള്ളി മേൽപ്പാലത്തിലാണ് സംഭവം. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാർ ഓടിരക്ഷപ്പെട്ടതിനാൽ വലിയ അപായം ഒഴിവായിരുന്നു. ഫോർഡ് ഗ്ലോബൽ ഫിയസ്റ്റ കാറിന്റെ ബോണറ്റിൽ നിന്ന് തീ ഉയരുന്നത് കണ്ടപ്പോൾ യാത്രക്കാർ കാർ നിർത്തി ഇറങ്ങിയോടിയതാണ് രക്ഷയായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam