2025-ൽ മലപ്പുറം ജില്ലയിൽ വന്യജീവി ആക്രമണങ്ങളിൽ വർധന രേഖപ്പെടുത്തി, 10 പേർ മരിക്കുകയും 84 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

മലപ്പുറം: സമീപ കാലത്ത് മലപ്പുറം ജില്ലയില്‍ വന്യജീവി ആക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത വര്‍ഷമായി 2025 മാറി. വനം വന്യജീവി വകുപ്പ് നിയമസഭയില്‍ സമര്‍പ്പിച്ച ഔദ്യോഗിക കണക്കുകള്‍ പ്രകാരം 10 പേര്‍ക്കാണ് കഴിഞ്ഞ വര്‍ഷം ജീവന്‍ നഷ്ടപ്പെട്ടത്. 84 പേര്‍ക്കാണ് വന്യജീവികളുടെ ആക്രമണത്തില്‍ വിവിധ തരത്തിലുള്ള പരിക്കുകള്‍ ഏറ്റത്. 

Add Asianetnews as a Preferred SourcegooglePreferred

വന്യജീവി ആക്രമണങ്ങളില്‍ എഴുപത് ശതമാനത്തോളവും നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഫോറസ്റ്റ് ഡിവിഷനുകള്‍ക്ക് കീഴിലാണ് സംഭവിക്കുന്നതെന്ന് വനം വകുപ്പിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ വന്യജീവി സംഘര്‍ഷത്തിന്റെ വ്യാപ്തി വര്‍ദ്ധിച്ചു വരുന്നത് കാണാം. 2022-ല്‍ ഒന്‍പത് മരണവും അഞ്ച് പരിക്കുമാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍, 2023-ല്‍ ഇത് യഥാക്രമം എട്ടും 27-ഉം ആയി മാറി. 2024-ല്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ (11 പേര്‍) ഉണ്ടായെങ്കിലും പരിക്കേറ്റവരുടെ എണ്ണം ഏഴിലേക്ക് ചുരുങ്ങിയിരുന്നു.

ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഇത്തരം മരണങ്ങളില്‍ പകുതിയിലധികവും പാമ്പ് കടിയേറ്റുള്ളതാണ്. കാട്ടാനകളുടെ ആക്രമണമാണ് മരണ കാരണങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ളത്. വേനല്‍ക്കാലം അടുത്തെത്തിയ സാഹചര്യത്തില്‍ വന്യജീവികള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തടയാന്‍ പുതിയ പദ്ധതികളുമായി വനം വകുപ്പ് മുന്നോട്ട് വരികയാണ്. വന്യജീവി ആക്രമണം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളെ പ്രത്യേക ലാന്‍ഡ്സ്‌കേപ്പുകളായി തിരിച്ച് ഓരോ പ്രദേശത്തിനും അനുയോജ്യമായ സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കും.

വനത്തിനുള്ളില്‍ തന്നെ മൃഗങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണവും ജലവും ഉറപ്പാക്കുക എന്നതാണ് ഇതില്‍ പ്രധാനം. വേനലില്‍ വനത്തിനുള്ളിലെ ജലസ്രോതസ്സുകള്‍ വറ്റുന്നത് തടയാന്‍ കൃത്രിമ കുളങ്ങള്‍ നിര്‍മ്മിക്കുന്ന പ്രവൃത്തികള്‍ക്ക് വനം വകുപ്പ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നുണ്ട്. വന്യജീവികള്‍ കാടിനുള്ളില്‍ തന്നെ കഴിയുന്നു എന്ന് ഉറപ്പാക്കുന്നതിലൂടെ മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.