
തിരുവനന്തപുരം: വെള്ളറട കൂട്ടപ്പുവിന് സമീപം കാർ നിയന്ത്രണം വിട്ട് കുഴിയില്‍ പതിച്ച് കാറിലുണ്ടായിരുന്ന ആറ് പേർക്ക് പരിക്ക്. പരിക്കേറ്റവരെ മൂന്ന് പേരെ വെള്ളറട സര്‍ക്കാര്‍ ആശുപത്രിയിലും മറ്റുള്ളവരെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് അടക്കം നഗരത്തിലെ ആശുപത്രകളിലും പ്രവേശിപ്പിച്ചു. മണ്ണന്തല സ്വദേശി ആദിത്യന്‍ (19), പാളയം സ്വദേശി അഹ്‌ന (19), മരുതൂര്‍ സ്വദേശി അലീന്‍ (19) എന്നിവരാണ് വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നൽകിയത്. മറ്റുള്ളവരെ സംഭവ സ്ഥലത്തു നിന്നുതന്നെ നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആറുകാണിയില്‍ നിന്ന് കുടപ്പനമൂട് വഴി തിരുവനന്തപുരത്തേക്ക് വരികയായിരുന്നു അപകടത്തില്‍പ്പെട്ട കാര്‍. കൂട്ടപ്പു ഇറക്കം ഇറങ്ങുന്നതിനിടെ കയറ്റം കയറിവന്ന ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാൻ കാർ ഇടതുവശത്തേക്ക് തിരിച്ചപ്പോൾ നിയന്ത്രണം വിട്ട് കുഴിയില്‍ പതിക്കുകയായിരുന്നു. വീഴ്ചയില്‍ കാര്‍ തകര്‍ന്നു. യാത്രക്കാരായിരുന്ന എല്ലാവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കാറിന്റെ ഗ്ലാസ് തകര്‍ത്താണ് പരിക്കേറ്റവരെ പുറത്തെടുത്തത്. നാട്ടുകാര്‍ അവസരോചിതമായി ഇടപെട്ട് രക്ഷാപ്രവര്‍ത്തനം നടത്തി. കുത്തിറക്കമുള്ള റോഡില്‍ പണി നടക്കുന്നതിനാല്‍ മെറ്റല്‍ ഇളകി കിടന്നതും തിരിച്ചടിയായി. മെറ്റലില്‍ തെന്നിയാണ് കാര്‍ താഴെയുള്ള വീട്ടുമുറ്റത്തെ കുഴിയിലേക്ക് പതിച്ചതെന്ന് സമീപവാസികൾ പറയുന്നു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. പൊലീസ് തെളിവെടുപ്പ് നടത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam