കടയ്ക്ക് മുന്നിലെ റോഡിൽ കാർ പാര്‍ക്ക് ചെയ്ത് മറ്റൊരു കടയില്‍ നിന്ന് സാധനം വാങ്ങി; കുടുംബത്തിന് നേരെ മര്‍ദ്ദനം

By Web TeamFirst Published Dec 8, 2021, 12:12 PM IST
Highlights

തന്‍റെ കടയ്ക്ക് മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്ത് മറ്റൊരു കടയില്‍ നിന്ന് സാധനം വാങ്ങിയതാണ് ജയനെ പ്രകോപിപ്പിച്ചത്. ഇയാളും സഹോദരനും ചേര്‍ന്ന് കൈക്കുഞ്ഞിനെയും അമ്മയേയും നിലത്തിട്ട് ചവിട്ടുകയും ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയും ചെയ്തതായാണ് പരാതി. 


നേര്യമംഗലം: കടയ്ക്ക് മുന്നിൽ കാർ പാർക്ക് ചെയ്തിട്ടും കടയില്‍ നിന്നും സാധനം വാങ്ങാത്തതില്‍ പ്രകോപിതനായ കടയുടമയും സഹോദരനും ചേര്‍ന്ന് ദമ്പതികളെയും കൈകുഞ്ഞിനെയും മര്‍ദ്ദിച്ചു. ദമ്പതിമാരുടെ പരാതിയിൽ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. നേര്യമംഗലം ചാലിൽ ജയൻ (മാത്യു, 48), ചാലിൽ വർഗീസ് (59) എന്നിവരെയാണ് ഊന്നുകൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം.

തൃക്കാരിയൂരിൽ താമസിക്കുന്ന ദമ്പതിമാര്‍ക്കായിരുന്നു മർദ്ദനമേറ്റത്. ജയന്‍റെ കടയുടെ മുൻവശത്ത് റോഡില്‍ കാർ പാർക്ക് ചെയ്ത് ദമ്പതിമാർ ചെരിപ്പുവാങ്ങാൻ കയറി. എന്നാല്‍ ഇവിടെ നിന്ന് അനുയോജ്യമായ ചെരിപ്പ് കിട്ടാതെ വന്നതോടെ എതിർവശത്തെ കടയിൽപ്പോയി ചെരുപ്പ് വാങ്ങി. തന്‍റെ കടയ്ക്ക് മുന്നില്‍ കാര്‍ നിര്‍ത്തി മറ്റെരു കടയില്‍ നിന്നും ചെരുപ്പ് വാങ്ങിയതോടെ പ്രകോപിതനായ ജയന്‍, ദമ്പതിമാരെ ആക്രമിക്കുകയായിരുന്നെന്നാണ് പരാതി. 

(കൈകുഞ്ഞടക്കമുള്ള കുടുംബത്തെ മര്‍ദ്ദിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത മാത്യു എന്ന ജയനും സഹോദരന്‍ വര്‍ഗ്ഗീസും)

അമ്മയും കൈക്കുഞ്ഞിനേയും നിലത്തിട്ട് ചവിട്ടി, ഭർത്താവിയും തല്ലി ചതയ്ക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.  അറസ്റ്റിലായ ജയന്‍റെ ഉടമസ്ഥതയിൽ ഉള്ള നേര്യമംഗത്തെ 'ചാലിൽ ഫൂട്ട്വേഴ്‌സ്' എന്ന ചെരിപ്പ് കടയുടെ മുന്നിലായിരുന്നു സംഭവം. ഈ ചെരിപ്പ് കടയിൽ കോതമംഗലം തൃക്കാരിയൂർ സ്വദേശികളായ നടുമുറിയ്ക്കൽ വീട്ടിൽ വിപിൻ, ഭാര്യ പ്രിയങ്ക എന്നിവർ ചെരിപ്പ് വാങ്ങാൻ എത്തി.

പ്രിയങ്കയുടെ കൈയ്യിൽ കൈ കുഞ്ഞും ഉണ്ടായിരുന്നു. ചെരിപ്പുകൾ ഇഷ്ടപെടാത്തതിനൽ കുടുംബം മറ്റൊരു കടയിൽ നോക്കട്ടേ എന്ന് പറഞ്ഞ് പുറത്തിറങ്ങി. എന്നാൽ, തന്‍റെ കടയില്‍ നിന്നും ചെരിപ്പ് വാങ്ങുന്നില്ലെങ്കില്‍ തന്‍റെ കടയ്ക്ക് മുന്നിൽ പാര്‍ക്ക് ചെയ്ത കാര്‍ എടുത്ത് മാറ്റണമെന്ന് ജയന്‍ ആവശ്യപ്പെട്ടു. കാര്‍ റോഡിന്‍റെ വശത്തായിട്ടായിരുന്നു പാര്‍ക്ക് ചെയ്തിരുന്നത്. ഒടുവില്‍ ഈ പ്രശ്നത്തിന്‍റെ പേരില്‍ ജയനും വിപിനും തമ്മില്‍ തര്‍ക്കം നടന്നു. തുടർന്ന് ജയനും സമീപത്ത് മറ്റൊരു കട നടത്തുകയായിരുന്ന ജയന്‍റെ സഹോദരനായ വർഗീസും ചേര്‍ന്ന് ദമ്പതികളെ മർദിക്കുകയായിരുന്നു. കടയുടമ ചാലിൽ വീട്ടിൽ ജയൻ , സഹോദരൻ വർഗ്ഗീസ് എന്നിർക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. ഊന്നുകൽ പൊലീസെത്തി ഇന്നലെ തന്നെ ഇരുവരേയും അറസ്റ്റ് ചെയ്തതു. പ്രതികളെ കോടതിയിൽ ഹാജരാക്കി. 
 

click me!