കൊച്ചി: എറണാകുളത്ത് ആലുവയിൽ കാണാതായ പതിനാലുവയസ്സുകാരിയെ ബെംഗളുരുവിൽ കണ്ടെത്തി. ബെംഗളുരുവിൽ ഒരു മലയാളി കച്ചവടക്കാരൻ ഒറ്റയ്ക്ക് നിൽക്കുന്ന പെൺകുട്ടിയെ കണ്ട് സംശയം തോന്നി സംസാരിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കളെ വിവരം അറിയിച്ചു. അമ്മയുമായി വഴക്കിട്ട് ഒമ്പതാംക്ലാസ്സുകാരി ഇന്നലെ ഉച്ചയ്ക്കാണ് വീട് വിട്ടിറങ്ങിയത്. ചേച്ചിയോടാണ് അമ്മയ്ക്ക് കൂടുതൽ സ്നേഹമെന്നും, തന്നോട് ഇഷ്ടമില്ലെന്നും പറഞ്ഞാണ് കുട്ടിയും അമ്മയും വഴക്കായതും പിന്നീട് കുട്ടി വീട് വിട്ടിറങ്ങിയതും.
ആലുവ യുസി കോളേജിന് സമീപത്ത് താമസിക്കുന്ന പെൺകുട്ടിയെയാണ് ഇന്നലെ ഉച്ച മുതൽ കാണാതായത്. പരാതി ലഭിച്ചതോടെ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു. അന്വേഷണത്തിൽ യുസി കോളജിന് സമീപത്തു നിന്നും പറവൂർക്കവലയിലേക്ക് പെൺകുട്ടി നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന് ശേഷമുള്ള ദൃശ്യങ്ങൾ ലഭ്യമായിരുന്നില്ല. തന്നെ അന്വേഷിക്കണ്ടെന്ന് കാണിച്ച് കത്തെഴുതി വെച്ചാണ് പെൺകുട്ടി വീട്ടിൽ നിന്നും പോയത്. ഒരു ചെറിയ ബാഗ് മാത്രമാണ് പെൺകുട്ടിയുടെ പക്കലുണ്ടായിരുന്നത്.
ഇതേത്തുടർന്ന് വിവിധ സംസ്ഥാനങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിക്കാൻ ശ്രമം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് ബെംഗളുരുവിലുള്ള ഒരു മലയാളി കച്ചവടക്കാരന്‍റെ മൊബൈൽ ഫോണിൽ നിന്ന് പെൺകുട്ടിയുടെ ബന്ധുക്കൾക്ക് ഫോൺ വരുന്നത്. സംശയകരമായ സാഹചര്യത്തിൽ ഈ പെൺകുട്ടിയെ റോഡിൽ നിൽക്കുന്നത് കണ്ടെന്നും, തിരികെ കൊണ്ടുവരാൻ എത്തണമെന്നുമായിരുന്നു സന്ദേശം. ഇതേത്തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ബെംഗളുരുവിലേക്ക് തിരിച്ചിട്ടുണ്ട്. പൊലീസ് ഇവർക്കൊപ്പം പോയിട്ടില്ല. സംഭവത്തിൽ മറ്റ് ദുരൂഹതകളൊന്നുമില്ലെന്നും, വീട്ടിലെ വഴക്കിനെത്തുടർന്നാണ് കുട്ടി വീട് വിട്ടതെന്നുമാണ് പൊലീസും വ്യക്തമാക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam