
അമ്പലപ്പുഴ: ആശുപത്രി വളപ്പിൽ നിർത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിക്കു മുന്നിൽ നിർത്തിയിട്ടിരുന്ന മാരുതിക്കാറാണ് കത്തി നശിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. കഴിഞ്ഞ ദിവസം തായങ്കരി സ്വദേശി മനോജ് ഹൃദയാഘാതം മൂലം മരണമടഞ്ഞിരുന്നു.
ഇദ്ദേഹത്തിന്‍റെ പോസ്റ്റുമോർട്ടവുമായി ബന്ധപ്പെട്ടുള്ള സാധനങ്ങള്‍ എത്തിക്കുന്നതിന് ബന്ധുക്കൾ വന്ന കാറാണ് കത്തിയത്. മരണമടഞ്ഞ മനോജിന്റെ ബന്ധു ഇടുക്കി വാഗമൺ സ്വദേശി ജോബിയുടെ ഉടമസ്ഥതയിലുള്ള കാറായിരുന്നു ഇത്. സുഹൃത്ത് ഗണേഷാണ് കാർ ഓടിച്ചത്. കാറിൽ നിന്ന് സാധനങ്ങളുമായി മോർച്ചറിയിലേക്ക് കയറി അൽപ്പസമയം കഴിഞ്ഞപ്പോഴേക്കും കാറിന് തീ പിടിക്കുകയായിരുന്നു.
ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവർ വെള്ളമൊഴിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് ആലപ്പുഴയിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി വാലന്റൈന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഫയർഫോഴ്‌സ് അര മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ആർക്കും പരിക്കില്ല. അപകട കാരണം വ്യക്തമായിട്ടില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam