രണ്ട് മാസത്തേക്കുള്ള മരുന്ന് നല്‍കും; കരള്‍ മാറ്റിവച്ചവര്‍ക്ക് കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ 'സ്‌നേഹസ്പര്‍ശം

By Web TeamFirst Published Apr 9, 2020, 8:47 PM IST
Highlights

കൊവിഡ് 19 ന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മരുന്നില്ലാതെ വലഞ്ഞ ജില്ലയിലെ അമ്പതോളം പേര്‍ക്കാണ് പദ്ധതി ആശ്വാസമാകുക...

കോഴിക്കോട്: കരള്‍ മാറ്റി വച്ചവര്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ 'സ്‌നേഹസ്പര്‍ശം'. ലോക്ക്ഡൗണ്‍ കാരണം മരുന്ന് ലഭിക്കാതെ ദുരിതത്തിലായ ഇവരെ ജില്ലാ പഞ്ചായത്തിന്റെ 'സ്‌നേഹസ്പര്‍ശം' പദ്ധതിയിലുള്‍പ്പെടുത്തി രണ്ട് മാസത്തേക്കുള്ള മരുന്ന് നല്‍കാന്‍ തീരുമാനിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. 

കൊവിഡ് 19 ന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മരുന്നില്ലാതെ വലഞ്ഞ ജില്ലയിലെ അമ്പതോളം പേര്‍ക്കാണ് പദ്ധതി ആശ്വാസമാകുക. ഏപ്രില്‍, മെയ് മാസങ്ങളിലെ മരുന്നുകള്‍ ലഭിക്കുന്നതിനുള്ള നടപടികളാണ് ജില്ലാ പഞ്ചായത്ത് സ്വീകരിക്കുക. 

വൃക്ക മാറ്റിവച്ചവര്‍ക്കായി ജില്ലാ പഞ്ചായത്ത് സ്‌നേഹസ്പര്‍ശം പദ്ധതിയിലൂടെ എല്ലാ മാസവും മരുന്ന് നല്‍കുന്നുണ്ട്. മരുന്നില്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് കരള്‍ മാറ്റി വച്ച നിരവധി പേര്‍  ടെലിഫോണില്‍ വിളിച്ച് അറിയിച്ചെന്നും പ്രത്യേക സാഹചര്യം പരിഗണിച്ച് ഇവര്‍ക്ക് കൂടി പദ്ധതിയുടെ ആനുകൂല്യം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 

ഡിവിഷന്‍ കൗണ്‍സിലറുടെയോ വാര്‍ഡ് മെമ്പറുടെയോ കത്തുമായി വന്നാല്‍ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹസ്പര്‍ശം പദ്ധതിയുടെ കൗണ്ടറില്‍ നിന്ന് ആനുകൂല്യത്തിനുള്ള ടോക്കണ്‍ ലഭിക്കും. ഫോണ്‍: 9946706100,  വാട്‌സ്ആപ്പ് നമ്പര്‍: 9400310100.

click me!