Latest Videos

കാറിൽ ഡ്രൈവിം​ഗ് സീറ്റ്, ഓഫീസിനുള്ളിൽ കസേര; ആരും കൈപിടിക്കണ്ട, ദിലീപിന്റെ സ്വപ്നങ്ങൾക്കൊപ്പമാണീ ചക്രക്കസേര!

By Nikhil PradeepFirst Published Feb 20, 2023, 12:21 PM IST
Highlights

ശാരീരിക വൈകല്യങ്ങളില്‍ ബുദ്ധിമുട്ടിലായിരുന്ന ദിലീപ് കുമാര്‍ പരസഹായമില്ലാതെ ജോലിക്കെത്തണമെന്നുള്ള ആഗ്രഹത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രത്യേക സൗകര്യങ്ങളൊരുക്കി സ്‌കൂട്ടര്‍ നിര്‍മ്മിച്ചാണ് ജോലിക്കെത്തിയിരുന്നത്. 
 

തിരുവനന്തപുരം: ശാരീരിക വൈകല്യങ്ങളില്‍ തളരാതെ ജീവിതത്തോട് പൊരുതി മുന്നേറുകയാണ് നെയ്യാറ്റിന്‍കരയിലെ വില്ലേജ് ഓഫീസര്‍ ദിലീപ് കുമാര്‍. രണ്ടാഴ്ച മുമ്പ് നെയ്യാറ്റിന്‍കരയില്‍ വില്ലേജ് ഓഫീസറായി ചാര്‍ജ് എടുത്ത നെയ്യാറ്റിന്‍കര തൊഴുക്കൽ ഭാസ്‌കര്‍ റോഡില്‍ ഉത്രത്തില്‍ ദിലീപ് കുമാര്‍ ഓഫീസിലെത്തുമ്പോള്‍ ഇരിപ്പിടമായി ഉപയോഗിക്കുന്നത് സ്വന്തം കാറിലെ സീറ്റ് തന്നെയാണ്. അതിനുള്ള കാരണവും മറ്റൊന്നല്ല. ശാരീരിക വൈകല്യങ്ങളില്‍ ബുദ്ധിമുട്ടിലായിരുന്ന ദിലീപ് കുമാര്‍ പരസഹായമില്ലാതെ ജോലിക്കെത്തണമെന്നുള്ള ആഗ്രഹത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രത്യേക സൗകര്യങ്ങളൊരുക്കി സ്‌കൂട്ടര്‍ നിര്‍മ്മിച്ചാണ് ജോലിക്കെത്തിയിരുന്നത്. 

വിവാഹ ശേഷം കുടുംബവുമൊത്തുള്ള യാത്രക്കും ജോലിക്ക് പോകുന്നതിനും കാര്‍ വേണമെന്ന അതിയായ ആഗ്രഹത്തെ തുടര്‍ന്നാണ് പ്രത്യേകം തയ്യാറാക്കിയ കാര്‍ ഓടിച്ച് പഠിച്ചത്. തുടര്‍ന്ന് ലൈസന്‍സിന് വേണ്ടി ശ്രമിച്ചപ്പോള്‍, ശാരീരിക വൈകല്യമുള്ളതിനാൽ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ലൈസൻസ് ലഭിക്കൂ എന്ന് അധികൃതർ പറഞ്ഞു. എന്നാൽ ഇക്കാര്യം പറഞ്ഞ് നിരവധി ഡോക്ടർമാരെ സമീപിച്ചെങ്കിലും സർട്ടിഫിക്കറ്റ് ലഭിച്ചില്ല. 

ആറിലധികം ഡോക്ടർമാരെ സമീപിച്ച് കാര്‍ ഓടിക്കാന്‍ കഴിയുമെന്ന വിശ്വാസം പ്രകടിപ്പിച്ചെങ്കിലും എഴുപത് ശതമാനത്തില്‍ കൂടുതല്‍ ശാരീരിക വൈകല്യമുള്ളതിനാൽ സർട്ടിഫിക്കറ്റ് നൽകാൻ ആരും തയ്യാറായില്ല. പരസഹായമില്ലാതെ യാത്ര ചെയ്യാൻ കഴിയാത്ത ഒരാൾക്ക് ലൈസൻസ് നൽകാൻ കഴിയില്ലെന്നായിരുന്നു മിക്കയിടത്തു നിന്നും ലഭിച്ച മറുപടി. എന്നാൽ തന്റെ പരിശ്രമം ഉപേക്ഷിക്കാൻ ദിലീപ് ഒരുക്കമല്ലായിരുന്നു. ഒടുവിൽ ദിലീപിന്റെ ശ്രമം ഫലം കണ്ടു. 2021 ൽ ലൈസൻസ് ലഭിക്കാനുള്ള സർട്ടിഫിക്കറ്റ് ലഭിച്ചു. തുടർന്ന് ലൈസൻസും കരസ്ഥമാക്കി. 

അടുത്ത ശ്രമം കുടുംബവുമൊത്തുള്ള യാത്രക്കും ഓഫീസിലെത്തിയാല്‍ പരസഹായമില്ലാതെ കയറുന്നതിനും ഇറങ്ങുന്നതിനുമുള്ള കാറും ഇരിപ്പിടവും സജ്ജീകരിക്കാനായിരുന്നു. തൃശൂരിലുള്ള വര്‍ക് ഷോപ് മെക്കാനിക്ക് വഴി റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈവിംഗ് സീറ്റും കാറിന് പിന്‍വശത്തുകൂടി ഇറങ്ങുവാനുള്ള റാംപോടുകൂടിയ വാതിലുകളുമൊരുക്കിയായിരുന്നു കാറില്‍ സൗകര്യമൊരുക്കിയത്. 

ബാറ്ററിയിലോടുന്ന സീറ്റില്‍ റിമോട്ട് കണ്‍ട്രോളിലൂടെ കാറിലെ സീറ്റ് ഉയര്‍ത്തുവാനും അതിന് ശേഷം ഓഫീസിലെത്തിയാല്‍ റാംപിലൂടെ പുറത്തിറങ്ങി ഓഫീസിലെ കസേരയായി മാറ്റാനും സാധിക്കും. വില്ലേജ് ഓഫീസറുടെ മേശയുടെ ഉയരത്തിനും സൗകര്യത്തിനുമനുസരിച്ച് സീറ്റ് ഉയര്‍ത്തുന്നതിനും താഴ്ത്തുന്നതിനും സാധിക്കുന്ന തരത്തിലാണ് ഇതിന്റെ ക്രമീകരണം. കൃത്യമായി ഡ്യൂട്ടിക്കെത്തുന്നതിനും കുടുംബവുമൊത്തുള്ള യാത്രക്കുമാണ് വാഹനം ഉപയോഗിക്കുന്നത്. വൈകല്യങ്ങളിൽ തളരാതെ മുന്നോട്ട് പോകണമെന്ന അഭിപ്രായമാണ് ദിലീപ് കുമാറിന് പറയുവാനുള്ളത്. 

ഇടുക്കിയിലെ തമിഴ് വിദ്യാർത്ഥികളെ മലയാളം പഠിപ്പിച്ച് കേരള യൂണിവേഴ്സിറ്റി


 

click me!