
ഇടുക്കി: ഇടുക്കിയിലെ രാജാക്കാട് മൂന്നുറേക്കറിലുള്ള ഏലം സ്റ്റോറിൽ സൂക്ഷിച്ചിരുന്ന ഏലയ്ക്ക മോഷ്ടിച്ച കേസിലെ രണ്ടു പേരെ രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ബോഡിനായ്ക്കന്നൂർ മല്ലിംഗാപുരം കർണരാജ, മാവടി ചന്ദനപ്പാറ മുത്തുക്കറുപ്പൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 19നാണ് മുന്നൂറേക്കർ ഓമ്പളായിൽ എസ്റ്റേറ്റിന്‍റെ സ്റ്റോർ മുറിയിൽ സൂക്ഷിച്ചിരുന്ന 52 കിലോ തൂക്കം വരുന്ന ഒരു ചാക്ക് ഏലയ്ക്കയാണ് കർണ രാജയും മുത്തുക്കറുപ്പനും ചേർന്ന് മോഷ്ടിച്ചത്.
സ്റ്റോറിന്‍റെ പൂട്ട് തകർത്തായിരുന്നു മോഷണം. മോഷ്ടിച്ച ഏലയ്ക്ക രണ്ടാം പ്രതി മുത്തുക്കറുപ്പന്‍റെ വാഹനത്തിൽ കയറ്റി പുത്തടിയിലെ മലഞ്ചരക്ക് കടയിലെത്തിച്ച് കടയിൽ വിറ്റു. തുടർന്ന് ഒന്നാം പ്രതിയായ കർണരാജയെ മല്ലിംഗാപുരത്ത് കൊണ്ടു വിട്ട ശേഷം മുത്തുക്കറുപ്പൻ മടങ്ങി വന്നു. മുത്തുക്കറുപ്പന്‍റെ ഭാര്യാവീട് മല്ലിംഗാപുരത്താണ്.
എസ്റ്റേറ്റിലെ മുൻ ജീവനക്കാരനായിരുന്ന തമിഴ്നാട് മല്ലിംഗാപുരം സ്വദേശി രാജേഷിന്‍റെ നിർദ്ദേശപ്രകാരമാണ് പ്രതികൾ മോഷണം നടത്തിയത്. സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ സംഘം 27 ന് വൈകുന്നേരം മല്ലിംഗാപുരം മദ്യഷാപ്പിന് സമീപം വച്ച് കർണരാജയെ പിടികൂടി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാവടി ചന്ദനപ്പാറ സൂര്യാ പ്ലാന്‍റേഷൻ ലയത്തിൽ താമസിക്കുന്ന മുത്തുക്കറുപ്പനെയും അറസ്റ്റ് ചെയ്തു. ഏലയ്ക്ക കടത്തിക്കൊണ്ടു പോയ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കു വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി. അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam