കാർട്ടൂണിലൂടെ ഇന്ത്യയെ കണ്ടെത്താൻ കുട്ടികൾ, കാർട്ടൂൺ കിഡ്സ് ക്ലബ്ബിന് തുടക്കം

By Web TeamFirst Published Aug 14, 2021, 10:17 PM IST
Highlights

മറ്റൊരു കാർട്ടൂണിൽ ചർക്കയ്ക്ക് അടുത്തിരിക്കുന്ന ഗാന്ധിജിയോട് നരേന്ദ്ര മോദി ചോദിക്കുന്നു, 'ഒന്നു മാറാമോ? ഒരു ഫോട്ടോ എടുക്കാനാണ്..'
കാർട്ടൂണുകളിൽ പൂട്ടിയിട്ട രാജ്യവും ഓക്സിജൻ സിലിണ്ടറും ഗാന്ധിജിക്കൊപ്പം കഥാപാത്രങ്ങളാകുന്നു...

മറ്റൊരു സ്വാതന്ത്ര്യദിനം കൂടി എത്തുമ്പോൾ ഗാന്ധിജിയുടെ ഇന്ത്യ എവിടെ നിൽക്കുന്നു എന്ന് വരകളിലൂടെ അന്വേഷിച്ച് കുട്ടികൾ. കൊവിഡും അഴിമതിയും ലോക്ഡൗണുമെല്ലാം കുഞ്ഞുവരകളിൽ പല ഭാവങ്ങളിൽ തെളിഞ്ഞു. കേരള കാർട്ടൂൺ അക്കാദമിയുടെ ഓൺലൈൻ കാർട്ടൂൺ പരിശീലന പരിപാടിയുടെ ഭാഗമായിട്ടാണ് ഗാന്ധിജിയും ഇന്ത്യയും എന്ന വിഷയത്തെ കുറിച്ച് കുട്ടികൾ വരച്ചത്. സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോഴും അടഞ്ഞ രാജ്യത്ത് കൊറോണയുടെ ബന്ധനത്തിലായ മനുഷ്യർ കാർട്ടൂണിലുണ്ട്.  

ഒരു കാർട്ടൂൺ ഇങ്ങനെയാണ്: അഴിമതി, കൊറോണ, മരണ നിരക്ക്, പെട്രോൾ വില എല്ലാം കുതിക്കുന്ന നാട്. ചിത്രത്തിലെ ഗാന്ധിജി സങ്കടത്തോടെ പറയുന്നു, ' ഇത് ഇന്ത്യ തന്നെയോ...'  കൊറോണ ചിരിച്ചുകൊണ്ട് പറയുന്നു, 'ഞാനിവിടെ സ്ഥിരമാകട്ടെ. കൊറോണീയം വളരട്ടെ...' - അഴിമതി അൺലിമിറ്റഡ് കേരളം എന്നാണ് കുട്ടി ഈ കാർട്ടൂണിന് തലക്കെട്ട് നൽകിയിരിക്കുന്നത്. 

മറ്റൊരു കാർട്ടൂണിൽ ചർക്കയ്ക്ക് അടുത്തിരിക്കുന്ന ഗാന്ധിജിയോട് നരേന്ദ്ര മോദി ചോദിക്കുന്നു, 'ഒന്നു മാറാമോ? ഒരു ഫോട്ടോ എടുക്കാനാണ്..'
കാർട്ടൂണുകളിൽ പൂട്ടിയിട്ട രാജ്യവും ഓക്സിജൻ സിലിണ്ടറും ഗാന്ധിജിക്കൊപ്പം കഥാപാത്രങ്ങളാകുന്നു. സംസ്ഥാനത്ത് ഇതാദ്യമായാണ്  കുട്ടികൾക്കായി കാർട്ടൂൺ പരിശീലനം ഓൺലൈനിൽ ആരംഭിച്ചത്.

വിദേശത്തുനിന്ന് ഉൾപ്പടെ മലയാളികളായ  കുട്ടികൾ പരിശീലനത്തിൽ പങ്കെടുക്കുന്നു. ആറു മാസത്തെ സൗജന്യ കോഴ്‌സിൽ വിവിധ വിഷയങ്ങളെ കുറിച്ച് പ്രമുഖ കാർട്ടൂണിസ്റ്റുകൾ ക്ലാസ് എടുക്കും. പരിപാടിയുടെ ഉദ്ഘാടനം മുൻ ഡിഐജി ഋഷിരാജ് സിങ് നിർവ്വഹിച്ചു.

കേരള ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ്, കോട്ടയം നസീർ എന്നിവർ ആശംസ നേർന്നു. കാർട്ടൂൺ അക്കാദമി ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനൂപ് രാധാകൃഷ്ണൻ സ്വാഗതവും കിഡ്സ് ക്ലബ്ബ് കോഓഡിനേറ്റർ ഷാജി പാമ്പ്ള നന്ദിയും പറഞ്ഞു.
 

click me!