
ആലപ്പുഴ: ചേര്‍ത്തലയിലെ കോടതി വളപ്പിൽ വിവാഹ മോചനക്കേസിനെത്തിയ കുടുംബങ്ങൾ തമ്മിൽ നടന്ന കയ്യങ്കളിയിൽ ഭാര്യക്കെതിരെയും കേസെടുത്തു. ഭര്‍തൃ സഹോദരിയെ ദേഹോപദ്രവം ഏൽപ്പിച്ചതിനാണ് യുവതിക്കെതിരെ കേസെടുത്തത്. ഭാര്യയെ നിലത്തിട്ട് ചവിട്ടിയതിന് ഭർത്താവിനെതിരെ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിരുന്നു. രണ്ട് കേസുകളിലും കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
ചേർത്തലയിലെ കുടുംബ കോടതി വളപ്പിൽ കഴിഞ്ഞ ദിവസമാണ് നാടകീയരംഗങ്ങൾ അരങ്ങേറിയത്. വിവാഹ മോചനത്തിനൊടുവിൽ കുട്ടികളെ വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുകക്ഷികളും തമ്മിൽ തർക്കമുണ്ടായത്. രണ്ട് കുട്ടികളെയും ഭർത്താവിന് കൈമാറാൻ കോടതി വിധിച്ചിരുന്നു. എന്നാൽ ഭാര്യ ഇതിന് തയ്യാറായില്ലെന്ന് പൊലീസ് പറയുന്നു. ഇതാണ് കൈയാങ്കളിയിലും സംഘർഷത്തിലും കലാശിച്ചത്. ഭാര്യയും ഭര്‍തൃ സഹോദരിയും തമ്മിൽ തുടങ്ങിയ കയ്യാങ്കളിയിൽ ഭർത്താവും ഭർതൃമാതാവും കൂടി ചേർന്നതോടെ കൂട്ടയടിയായി. ഇതിനിടെ നിലത്തുവീണ ഭാര്യയെ ഭർത്താവ് നിലത്തിട്ട് ചവിട്ടി. ഇരു കുടുംബത്തിലെയും അംഗങ്ങൾ കൂടി ചേർന്നതോടെ അരമണിക്കൂറോളം കോടതി വളപ്പിൽ പൊലീസിന് മുന്നിൽ സംഘർഷമുണ്ടായി.
Also Read: റോഡുകളുടെ ശോചനീയാവസ്ഥ; എംഎൽഎയോട് പരാതി പറഞ്ഞതിന് അറസ്റ്റ്
കൈയാങ്കളി കൈവിട്ടുപോയതോടെ ഇരുവരെയും പിടിച്ചുമാറ്റി പൊലീസ് രംഗം ശാന്തമാക്കുകയായിരുന്നു. ഭാര്യ നിലത്തിട്ട് ചവിട്ടിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഭർത്താവ് ഗിരീഷിനെതിരെ ചേർത്തല പൊലീസ് കേസെടുത്തു. ഒന്നരവർഷത്തോളം പ്രണയിച്ച ശേഷമാണ് ഇവർ വിവാഹിതരായത്. കോടതി വളപ്പിൽ നാലാം തവണയാണ് ഇവർ തമ്മിൽ അടിയുണ്ടാകുന്നത്. കഴിഞ്ഞ മൂന്ന് തവണയും അടിപിടിയിൽ പൊലീസ് കേസെടുത്തിരുന്നു. ആലപ്പുഴ കോടതിയിൽ വെച്ചുണ്ടായ അടിപിടിയിൽ അഭിഭാഷകർക്കടക്കം മർദ്ദനമേറ്റിരുന്നു. ഇതോടെ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞതോടെയാണ് കേസ് ചേർത്തല കുടുംബ കോടതിയിലേക്ക് മാറ്റിയത്.
Also Read: നിപയില്‍ ആശ്വാസം; കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണ നിലയിലേക്ക്, നാളെ തുറക്കും
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam