റോഡുകളുടെ ശോചനീയാവസ്ഥ; എംഎൽഎയോട് പരാതി പറഞ്ഞതിന് അറസ്റ്റ്
ഡി കെ മുരളി പങ്കെടുത്ത പരിപാടിക്കിടെ പ്രദേശത്തെ റോഡുകളുടെ ശോചനീയാവസ്ഥയെ കുറിച്ച് പരാതി പറയാനെത്തിയ ഷൈജുവിനെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്.

തിരുവനന്തപുരം: വാമനപുരം എംഎൽഎയോട് പരാതി പറഞ്ഞതിന്റെ പേരിൽ പൊതുപ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തതായി ആരോപണം. ഡി കെ മുരളി പങ്കെടുത്ത പരിപാടിക്കിടെ പ്രദേശത്തെ റോഡുകളുടെ ശോചനീയാവസ്ഥയെ കുറിച്ച് പരാതി പറയാനെത്തിയ ഷൈജുവിനെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. എന്നാൽ യോഗം അലങ്കോലപ്പെടുത്തിയെന്ന പഞ്ചായത്ത് പ്രസിഡൻ്റിന്‍റെ മൊഴിയിലാണ് കേസെടുത്തതെന്നാണ് പാങ്ങോട് പൊലീസ് പറയുന്നത്.
ഇന്നലെ വൈകീട്ട് നീറുമൺകടവ് ജംഗ്ക്ഷനിൽ ഹൈമാസ്ക് ലൈറ്റ് ഉദ്ഘാടനത്തിനിടെയായിരുന്നു വിവാദ സംഭവം. ഉദ്ഘാടന ചടങ്ങിനെത്തിയ എംഎൽഎയോട് ഷൈജുവും കുറച്ച് പേരും ചേർന്ന് പ്രദേശത്തെ റോഡിന്റെ മോശം അവസ്ഥയെ കുറിച്ച് സംസാരിച്ചു. രണ്ട് വർഷമായി പണി നടക്കുന്നില്ലെന്നും റോഡ് സഞ്ചാരയോഗ്യമല്ലെന്നുമായിരുന്നു പരാതി. യോഗത്തിനിടെയും ഷൈജു ഇക്കാര്യം പറഞ്ഞു. പരിപാടി കഴിഞ്ഞ് എംഎൽഎ പോകുന്നതിനിടെയും ഷൈജു ഇതേ പരാതി പറഞ്ഞു. സ്ഥലത്തെ ഒരു സാംസ്കാരിക സംഘടനയുടെ ഭാരവാഹികൂടിയാണ് ഷൈജു. പിന്നീട് രാത്രി ഒരു മണിയോടെ ഷൈജുവിനെ വീട്ടിൽ നിന്ന് പാങ്ങോട് പൊലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ കോണ്‍ഗ്രസ് പ്രവർത്തകർ പാങ്ങോട് സ്റ്റേഷനിൽ നിന്നും ഷൈജുവിനെ ജാമ്യത്തിലിറക്കി. യോഗം അലങ്കോലപ്പെടുത്താൻ ശ്രമിച്ചതിന് ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്. എംഎൽഎ പങ്കെടുത്ത പരിപാടയുടെ അധ്യക്ഷനായിരുന്ന കല്ലറ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ മൊഴിയിലാണ് ഇന്നലെ കസ്റ്റഡിലെടുത്താള്‍ക്കെതിരെ രാവിലെ പൊലീസ് കേസെടുത്തത്. സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിും പൊലീസിൽ പരാതി നൽകി. അതേസമയം, താൻ പരാതിപ്പെടുകയോ പരാതി നൽകാൻ നിർദ്ദേശിക്കുകോ ചെയതിട്ടില്ലെന്നാണ് ഡി കെ മുരളിയുടെ വിശദീകരണം.