
കല്‍പ്പറ്റ: റിപ്പണ്‍ വാളത്തൂരിലെ നിക്ഷിപ്ത വനഭൂമിയില്‍ അനധികൃതമായി പ്രവേശിച്ച സംഭവത്തില്‍ യുവാക്കള്‍ക്കെതിരെ വനംവകുപ്പ് കേസ് എടുത്തു. റിപ്പണ്‍ സ്വദേശികളായ അഫ്‌സല്‍ റഹ്മാന്‍ (23), അമീന്‍ ഷബീര്‍ (23), മേപ്പാടി സ്വദേശി എസ്. ശരണ്‍ദാസ് (22), കടല്‍മാട് പനച്ചിക്കല്‍വീട് ടോം ജോര്‍ജ്ജ് (34), പാലക്കാട് സ്വദേശികളായ തോട്ടപ്പുറത്ത് വീട്ടില്‍ ആദര്‍ശ് (22), ഭരത് (21) എന്നിവരാണ് പിടിയിലായത്.
പാറക്കൂട്ടങ്ങള്‍ നിറഞ്ഞതും ആനകളടക്കമുള്ള വന്യജീവികളുടെ സ്ഥിരം വിഹാര കേന്ദ്രവുമായ പ്രദേശത്ത് ബന്ധപ്പെട്ടവരാരും അറിയാതെ
ആറംഗസംഘം എത്തുകയായിരുന്നു. അങ്ങേയറ്റം പ്രകൃതി രമണീയമായ പ്രദേശം കൂടിയാണ് മേപ്പാടി ഫോറസ്റ്റ് സ്‌റ്റേഷന് കീഴില്‍ വരുന്ന റിപ്പണ്‍ വാളത്തൂര്‍. ഇതാകാം സംഘത്തെ ഇവിടെ എത്തിച്ചതെന്നാണ് കരുതുന്നത്. അതേ സമയം മാവോയിസ്റ്റുകളുടെ അടക്കം സ്ഥിരം സഞ്ചാരകേന്ദ്രവും കൂടിയാണിവിടം.
അപകടം നിറഞ്ഞ പാറക്കെട്ടുകള്‍ ഉള്ളതിനും മാവോവാദി ഭീഷണി നിലനില്‍ക്കുന്നതിനാലും ഈ പ്രദേശത്തേക്ക് പ്രവേശിപ്പിക്കാന്‍ പൊതുജനങ്ങളെ വനംവകുപ്പ് അനുവദിക്കാറില്ല. എന്നാല്‍ നിയന്ത്രണങ്ങള്‍ അവഗണിച്ച് യുവാക്കള്‍ എത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. അടുത്തിടെ നിരീക്ഷണത്തിന്റെ ഭാഗമായി പ്രദേശത്തെത്തിയ ബഡേരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിലെ വാച്ചര്‍ കാല്‍ വഴുതി വീണ് മരിച്ചിരുന്നു.
ഇദ്ദേത്തിന്റെ മൃതദേഹം ഒരു ദിവസം കഴിഞ്ഞാണ് കണ്ടെടുക്കാനായത്. അതേ സമയം വനാനന്തര്‍ഭാഗത്തും വനംവകുപ്പിന്റെ അധീനതയിലുള്ള പ്രദേശങ്ങളിലും അനുമതിയില്ലാതെ കടന്നുകയറുന്നത് കുറ്റകൃത്യമായി കണ്ട് നടപടി തുടരുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam