
വർക്കല: വർക്കലയിൽ ബൈക്കിൽ കയറ്റാത്തതിന്‍റെ വൈരാഗ്യത്തിൽ ബൈക്ക് കത്തിച്ച യുവാവിനെതിരെ കേസെടുത്ത് പൊലീസ്. 15 ദിവസം മുമ്പ് വാങ്ങിയ ബൈക്ക് കത്തിച്ച ശേഷം ഒളിവിൽ പോയ പില്ലാന്നികോട് സ്വദേശി നിഷാന്തിനായി പൊലീസ് അന്വേഷണം തുടങ്ങി. സുഹൃത്തും അയൽവാസിയുമായ വിനീതിന്‍റെ ബൈക്കാണ് കത്തിച്ചത്
പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വീട്ട് മുറ്റത്ത് ഇട്ടിരുന്ന പില്ലാന്നിക്കോട് സ്വദേശി വീനിതിന്‍റെ പുതിയ ബൈക്കാണ് കത്തിച്ചത്. പെട്രോൾ ടാങ്ക് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് വിനീതും വീട്ടുകാരും ഉണര്‍ന്നത്. ഉടനെ തീയണക്കാൻ ശ്രമിച്ചെങ്കിലും വണ്ടി പൂർണ്ണമായും കത്തി നശിച്ചിരുന്നു. വീടിന്റെ തകര ഷീറ്റുകൊണ്ട് നിര്‍മ്മിച്ച മേൽക്കൂരയും വയറിംഗും ഭാഗികമായി നശിച്ചു.
ഒരുലക്ഷത്തി രണ്ടായിരം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പരാതി. ഇന്നലെ രാത്രി വിനീത് വീടിനു സമീപത്തുള്ള റോഡിൽ സുഹൃത്ത് നിഷാന്തുമായി സംസാരിച്ചിരുന്നു. സഹോദരിയുടെ വീട്ടിൽ ബൈക്കിൽ എത്തിക്കണമെന്ന് നിഷാന്ത് ആവശ്യപ്പെട്ടെങ്കിലും വിനീത് വിസമ്മതിച്ചു. ബൈക്ക് കത്തിച്ചുകളയുമെന്ന് ഭീഷണി മുഴക്കി വാക്കേറ്റമായി. പിന്നാലെ പുലര്‍ച്ചെ വിനീതിന്‍റെ വീട്ടിലെത്തി നിഷാന്ത് ബൈക്ക് കത്തിച്ചെന്നാണ് പരാതി.
അതേസമയം, ചങ്ങനാശ്ശേരിയിൽ പെട്രോൾ പമ്പിൽ മാലിന്യം തള്ളിയത് ചോദ്യം ചെയ്ത ജീവനക്കാരന് ക്രൂര മർദനം. ചങ്ങനാശേരിയ്ക്ക് സമീപം പായിപ്പാട് ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്. സിസിടിവി ദൃശ്യമടക്കം തെളിവുണ്ടായിട്ടും തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
ചൊവ്വാഴ്ച വൈകിട്ട് പായിപ്പാട് വെള്ളാപ്പള്ളി ജംഗ്ഷനിലെ പെട്രോൾ പമ്പ് ജീവനക്കാരനായ ശരത്തിനാണ് മർദ്ദനമേറ്റത്. പെട്ടി ഓട്ടോറിക്ഷയിൽ ഇന്ധനം നിറക്കുന്നതിനിടെ പായിപ്പാട് സ്വദേശികളായ മനുവും രാഹുലും വണ്ടിയിലുണ്ടായിരുന്ന കരിയില അടക്കമുള്ള മാലിന്യങ്ങൾ പമ്പിൽ തള്ളി. ഇത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ശരത്തിനെ തല്ലിയത്. മർദനത്തിൽ ശരത്തിന്‍റെ വലത് കണ്ണിനും കൈയ്ക്കും പരിക്കേറ്റു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam