
തൃശൂർ: 91 വയസുകാരിയെ ലൈംഗികമായി പീഢിപ്പിച്ച് സ്വർണ്ണമാല കവർന്ന കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി. പാലക്കാട് കിഴക്കുംഞ്ചേരി കണ്ണംക്കുളം സ്വദേശി അവിഞ്ഞിക്കാട്ടിൽ വിജയകുമാർ എന്ന ബിജുവിനെയാണ് കോടതി ശിക്ഷിച്ചത്. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിനിയായ അതിജീവിത സംഭവം നടന്ന് 8 മാസത്തിന് ശേഷം മരിക്കുകയായിരുന്നു. സംഭവ സ്ഥലത്തുനിന്നും ലഭിച്ച ശാസ്ത്രീയ തെളിവുകളും പ്രതിയുടെ കുറ്റസമ്മത മൊഴി പ്രകാരം കണ്ടെടുത്ത സ്വർണ്ണമാലയും കേസ്സിൽ പ്രധാന തെളിവായി.പ്രതിയെ തൃശ്ശൂർ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്‌തു. പിഴ സംഖ്യ ഈടാക്കിയാൽ അതിജീവിതയുടെ അനന്തരാവകാശികൾക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി വിധിച്ചു.