
തിരുവനന്തപുരം: ആറ്റിങ്ങലിൽ വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് പത്ത് വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. കിളിമാനൂർ സ്വദേശി ശരത് (30 ) നെയാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് (പോക്സോ) കോടതി ജഡ്ജ് ടിപി പ്രഭാഷ് ലാൽ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം.
2017 -ൽ ആണ് സംഭവം. പതിനേഴുകാരിയെ വീട്ടിൽ നിന്ന് വിളിച്ച് കൊണ്ട് പോയി ലൈംഗികാതിക്രമത്തിന് വിധേയയാക്കി എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. മകളെ കാണാനില്ലെന്ന് കാണിച്ച് അമ്മ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ശരത് പലതവണ പെൺകുട്ടിയുടെ വീട്ടിലെത്തി അതിക്രമം നടത്തിയെന്നും കേസിൽ പറയുന്നു. പെൺകുട്ടിയെ വിളിച്ചിറക്കി കൊണ്ട് പോകാനും താമസിപ്പിക്കാനും ഒത്താശ ചെയ്തു എന്ന കുറ്റത്തിന് പ്രതിയാക്കപ്പെട്ട മൂന്ന് പേരെ കുറ്റക്കാരല്ല എന്ന് കണ്ട് കോടതി വെറുതേ വിട്ടു. അതിജീവിതയ്ക്ക് പതിനെട്ട് വയസ്സ് തികയുന്നതിന് മൂന്ന് മാസം ശേഷിക്കുമ്പോളാണ് പീഡനത്തിന് ഇരയായത്.
പെൺകുട്ടിയുടെ മാതാപിതാക്കൾ വിവാഹത്തിന് സമ്മതിക്കില്ലെന്നും കൂടെ പോരണമെന്നും അവശ്യപ്പെട്ട പ്രതി, ഓട്ടോയിലെത്തി പെൺകുട്ടിയെ വീട്ടിൽ നിന്നും കടത്തി കൊണ്ട് പോവുകയായിരുന്നു. ലൈംഗിക ബന്ധത്തിന് വിധേയയാക്കുന്ന സമയം പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയുടെ സമ്മതമുണ്ടെങ്കിൽ കൂടി അത്തരം അതിക്രമങ്ങൾ നിലവിലെ നിയമ വ്യവസ്ഥ അനുസരിച്ച് ശിക്ഷാർഹമാണ് എന്നതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം മുഹസിൻ ഹാജരായി. കിളിമാനൂർ സബ് ഇൻസ്പെക്ടർ ആയിരുന്ന ബി ബൈജു രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ആയിരുന്ന വി എസ് പ്രദീപ് കുമാറാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam