പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ ബംഗളൂരുവിൽ എത്തിയ പ്രതികൾ കേരളത്തിലേക്ക്‌ മടങ്ങിയ ശേഷം കായംകുളത്ത്‌ അനന്തുവിന്റെ വീടിന്‌ സമീപമാണ് ഒളിവിൽ കഴിയുകയായിരുന്നു.

കൊല്ലം: യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ക്രിമിനലുകളെ വിദഗ്ധമായ നീക്കത്തിലൂടെ സാഹസികമായി പിടികൂടി പോലീസ്. കായംകുളം ആദിക്കാട്ടുകുളങ്ങര സ്വദേശി ഷെൽജാദ്‌,ഓച്ചിറ ഞക്കനാൽ സ്വദേശി അനന്തു എന്നിവരാണ് ഓച്ചിറയിലെ ഒളിസങ്കേതത്തിൽനിന്ന് പൊലീസിന്റെ പിടിയിലായത്. ആര്യാട്‌ ഗുരുപുരം മുര്യൻവെളിയിൽ അഖിലിനെ (അച്ചു 24)യാണ് ഇവർ കൊലപ്പെടുത്തിയത്. കൊലപാതകത്തിന്‌ ശേഷം പ്രതികൾ രക്ഷപ്പെട്ട ഓട്ടോയുടെ ഡ്രൈവർക്ക്‌ പണം അയച്ചു നൽകിയ നമ്പർ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷത്തിലാണ് ഷെൽജാദിനെ പൊലീസ്‌ തിരിച്ചറിഞ്ഞത്. കൃത്യത്തിന് ശേഷം ആലപ്പുഴയിൽ നിന്ന് പ്രതികൾ തൃശൂരിലേക്ക് മുങ്ങുകയായിരുന്നു. ഷെൽജാദിന്റെ ഫോൺ കുന്നംകുളത്ത്‌ വച്ച് വെള്ളിയാഴ്ച രാത്രി ഓണായതോടെ അന്വേഷണ സംഘം ഇവിടെ എത്തി. ഹോട്ടലുകളിലും ലോഡ്‌ജുകളിലും തിരച്ചിൽ നടത്തി. പ്രതികൾ ഫോണിൽ സന്ദേശം അയച്ചവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെ ഇരുവരും കോഴിക്കോട്‌ ഫറൂക്കിലേക്ക്‌ കടന്നതായി മനസിലാക്കി.

അന്വേഷകസംഘം ഫറൂക്കിലെത്തിയതോടെ കർണാടകയിലേക്ക് കടന്നു. ഫോൺ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിൽ പ്രതികളിലൊരാൾക്ക്‌ ബംഗളൂരുവിൽ ജോലിചെയ്യുന്ന യുവതിയുമായി ബന്ധമുണ്ടെന്നും മറ്റ്‌ രണ്ട്‌ സഹായികളുണ്ടെന്നും മനസിലാക്കി. ഇതോടെ പോലീസ് ബംഗളൂരുവിലേക്ക്. യുവതിയെയും സുഹൃത്തുക്കളെയും നിരീക്ഷണത്തിലാക്കിയതോടെ നീക്കങ്ങൾ മനസിലാക്കി. പ്രതികൾക്ക്‌ ഒളിവിൽ കഴിയാനും യാത്രചെയ്യാനും പണംനൽകിയിരുന്നത് യുവതിയാണെന്നും തിരിച്ചറിഞ്ഞു. പൊലീസിന്റെ കണ്ണുവെട്ടിച്ച്‌ ബംഗളൂരുവിൽ എത്തിയ പ്രതികൾ കേരളത്തിലേക്ക്‌ മടങ്ങിയ ശേഷം കായംകുളത്ത്‌ അനന്തുവിന്റെ വീടിന്‌ സമീപമാണ് ഒളിവിൽ കഴിയുകയായിരുന്നു. നേപ്പാളിലേക്ക് കടക്കാൻ നീക്കം നടത്തുന്നതിനിടെ കുടുക്കുകയുമായിരുന്നു.

ജിം സന്തോഷ് വധക്കേസിലെ പ്രതിയായ ആലുവ അതുലിന്റെ സംഘമാണ് അനന്തു. സന്തോഷിനെ വധിച്ചശേഷം അതുലിന്‌ ഒളിവിൽ പോകുന്നതിന്‌ സഹായമൊരുക്കിയത്‌ അനന്തുവാണ്‌. ഒന്നാം പ്രതി ഷെൽജാദ് ലഹരിക്കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിരുന്നു. ദുബായിയിൽ ജയിൽ ശിക്ഷ അനുഭവിച്ച്‌ ഒരുവർഷം മുമ്പാണ്‌ മടങ്ങിയെത്തിയത്‌. രണ്ട്‌ മാസം മുമ്പ്‌ നെടുമ്പാശേരിയിലെ ലഹരി കടത്തുമായി ബന്ധപ്പെട്ട് പിടിയിലായി രണ്ടാഴ്ച മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം