
കൽപ്പറ്റ : കൽപ്പറ്റ ബസ് സ്റ്റാൻഡിൽ നിന്നും യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസിലെ രണ്ടുപേർ പൊലീസ് പിടിയിൽ. കണ്ണൂർ സ്വദേശികളായ മമ്പറം കൊളാലൂർ കുളിച്ചാൽ വീട്ടിൽ നിധിൻ (33), കൂത്തുപറമ്പ് എരിവട്ടി സീമ നിവാസിൽ ദേവദാസ് (46) എന്നിവരെയാണ് കൽപ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുവള്ളി സ്വദേശിയായ അബൂബക്കറിനെ തട്ടിക്കൊണ്ടുപോയി നാലു ലക്ഷം രൂപയോളം കവർന്ന കേസിലാണ് ഇരുവരും പിടിയിലായത്.
ജനുവരി 28 ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കൊടുവള്ളിയിൽ നിന്ന് കെ എസ് ആർ ടി സി ബസിൽ കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ അബൂബക്കറിനെ കാറിലെത്തിയ സംഘം തട്ടികൊണ്ടുപോയി 3.92 ലക്ഷം രൂപ തട്ടിയെടുത്തശേഷം വെങ്ങപ്പള്ളിയിൽ ഇറക്കിവിട്ടെന്നാണ് പരാതി.
യാത്രയ്ക്കിടെ തട്ടിക്കൊണ്ടുപോയ സംഘം സഞ്ചരച്ച കാർ മാനന്തവാടി ഹൈസ്കൂളിന് സമീപത്ത് കെ എസ് ആർ ടി ബസിനും ക്രെയിനിനും ഇടിച്ച് അപകടവുമുണ്ടായി. അപകടത്തിന് ശേഷം കാറിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. അബൂബക്കർ കൊടുവള്ളി മുതൽ കൽപ്പറ്റ വരെ സഞ്ചരിച്ചിരുന്ന അതേ കെ എസ് ആർ ടി സി ബസിന് തന്നെയാണ് തട്ടിപ്പ് സംഘം സഞ്ചരിച്ച കാറും ഇടിച്ചത്.
Read more: പോക്സോ പീഡന കേസ്: തിരുവനന്തപുരത്ത് ട്രാൻസ് വുമണിന് ഏഴ് വർഷം കഠിന തടവ് ശിക്ഷ
എ എസ് പി തപോഷ് ബസുമത്രിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് കേസ് അന്വേഷിക്കുന്നത്. കൽപ്പറ്റ പോലീസ് ഇൻസ്പെക്ടർ പി എൽ. ഷൈജു, എസ് ഐ ബിജു ആന്റണി എന്നിവർ ചേർന്ന് കണ്ണൂരിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും ഇവർക്കായി അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam