ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ വരുന്നവർക്കെതിരെ കേസെടുക്കും; നടപടിയുമായി വയനാട് ജില്ലാ ഭരണകൂടം

By Web TeamFirst Published Jul 3, 2020, 9:10 PM IST
Highlights

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് പാസ് ആവശ്യമില്ലെങ്കിലും അവരും നിര്‍ബന്ധമായും കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ആരോഗ്യ വിഭാഗത്തിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് രജിസ്ട്രേഷന്‍ നടത്തുന്നത്. 

കല്‍പ്പറ്റ: കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ എത്തുന്ന പ്രവാസികള്‍ക്കെതിരെ കേസെടുക്കാനൊരുങ്ങി വയനാട് ജില്ല കളക്ടര്‍ ഡോ.അദീല അബ്ദുളള. കോഴിക്കോട്,കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ എത്തിയ ചിലര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമുണ്ടെന്ന് കാണിച്ച് രജിസ്റ്റർ ചെയ്യാതെ നാട്ടിലെത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചത്. ഇത്തരത്തില്‍ അധികൃതരെ കബളിപ്പിച്ച ആളുകളുടെ പട്ടിക തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്നും ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ സെന്ററുകളില്‍ നാശ നഷ്ടങ്ങള്‍ വരുത്തുന്നവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കല്‍ നിയമപ്രകാരം കേസ്സെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് പാസ് ആവശ്യമില്ലെങ്കിലും അവരും നിര്‍ബന്ധമായും കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ആരോഗ്യ വിഭാഗത്തിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് രജിസ്ട്രേഷന്‍ നടത്തുന്നത്. മുത്തങ്ങയിലെ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററിലൂടെ ഇതുവരെ 32575 പേരാണ് സംസ്ഥാനത്തേക്ക് എത്തിയത്. വെളളിയാഴ്ച്ച മാത്രം 546 പേര്‍ അതിര്‍ത്തി കടന്നെത്തി.

അതേസമയം, മഴക്കാലം തുടങ്ങിയതോടെ എലിപനി, ഡെങ്കിപനി പോലുളള സാംക്രമിക രോഗങ്ങള്‍ക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തീരുമാനമായി. ഈ വര്‍ഷം  ജില്ലയില്‍ 168 ഡെങ്കിപനി കേസുകള്‍ സംശയാസ്പദമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 32 കേസുകള്‍ സ്ഥിരീകരിച്ചു. ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയില്‍ ഇതുവരെ 110 എലിപ്പനി  കേസുകള്‍ സംശയാസ്പദമായി കണ്ടെത്തി. 46 കേസുകള്‍ സ്ഥിരീകരിച്ചു. ഒരു മരണമാണ് എലിപ്പനി മൂലം ജില്ലയിലുണ്ടായത്.

click me!