
മലപ്പുറം: സെയില്‍സ് മാന്‍റെ കണ്ണൊന്നു തെറ്റിയെങ്കിലും ക്യാമറയുടെ കണ്ണ് തെറ്റിയില്ല. കടയിലെത്തിയ യുവതി ഒന്നരപ്പവന്റെ രണ്ട് സ്വർണമാല കവർന്നതാണ് ക്യാമറയിൽ കുടുങ്ങിയത്. കഴിഞ്ഞ ദിവസമാണ് സ്വർണം വാങ്ങാനെന്ന പേരിലെത്തിയ യുവതി ജ്വല്ലറിയിൽ നിന്ന് ഒന്നര പവന്റെ രണ്ടു സ്വർണമാലകൾ കവർന്നത്. ചെമ്മാടുള്ള ജ്വല്ലറിയിലാണ് മോഷണം നടന്നത്.
അതിവിദഗ്ധമായിട്ടായിരുന്നു യുവതിയുടെ മോഷണം. വിവിധ മോഡലുകളിലുള്ള മാലകൾ സെയില്‍സ് മാൻ എടുത്തുകൊണ്ടുവരുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഇത്തരത്തിൽ മാലകൾ എടുക്കാൻ സെയിൽസ്മാൻ മാറിയ തക്കത്തിനാണ് യുവതി സ്വർണമാല കൈക്കലാക്കിയത്. തുടർന്ന് കയ്യിൽ കരുതിയ ബാഗിലേക്ക് സ്വർണമാല മാറ്റുകയായിരുന്നു. പിന്നീട് സ്വർണം വാങ്ങാതെ യുവതി മടങ്ങുകയായിരുന്നു.
യുവതി പോയശേഷം നടത്തിയ പരിശോധനയിലാണ് ഒന്നരപ്പവന്റെ രണ്ടു സ്വർണമാലകൾ കാണാനില്ലെന്ന് വ്യക്തമായത്. തുടർന്ന് ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവതിയാണ് മാല മോഷ്ടിച്ചതെന്ന് വ്യക്തമായത്. സംഭവത്തില്‍ ജ്വല്ലറി ഉടമ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കഴിഞ്ഞ ദിവസം ആര്യനാട് മദ്യശാലയുടെ പ്രീമിയം കൗണ്ടറിൽ നിന്ന് മദ്യം മോഷ്ടിച്ച ആൾ അറസ്റ്റിലായത് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയായിരുന്നു. കുറ്റിച്ചൽ മൈലമൂട് അക്ഷയ ഭവനിൽ മണി കുമാറിനെ (36) ആണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 -ന് രാത്രി ആണ് മോഷണം നടത്തിയത്. സിസിടിവി ദ്യശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം കണ്ടെത്തിയത്. പ്രീമിയം കൌണ്ടറിലെത്തിയ മണികുമാർ ആദ്യം തിരിഞ്ഞും മറഞ്ഞും നോക്കി. ആരും ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ കൌണ്ടറിലെ ഷോക്കേസിലുള്ള തന്റെ ഇഷ്ട ബ്രാൻഡ് മദ്യത്തിന്റെ കുപ്പിയെടുത്ത് അരയിൽ തിരുകി. പിന്നീട് പണമടയ്ക്കാതെ മുങ്ങുന്നതിന് മുമ്പ് സിസിടിവി കാമറയിലേക്ക് ഒന്ന് നോക്കി. മറ്റെവിടെയൊക്കെ കാമറയുണ്ടെന്ന തരത്തിൽ വീണ്ടും തലപൊക്കി നോക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങളാണ് മണികുമാറിനെ പിടികൂടാൻ പൊലീസിന് കാര്യങ്ങൾ എളുപ്പമാക്കിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam