Latest Videos

വീട്ടിലേക്ക് പോകുന്നതിനിടെ മുന്നിൽ ചക്കക്കൊമ്പൻ; പേടിച്ച് ഓടിയ യുവാവ് തെറിച്ച് വീണു, പരിക്ക്

By Web TeamFirst Published Jun 2, 2023, 7:48 AM IST
Highlights

ആന ചിന്നം വിളിച്ചെത്തിയതോടെ കുമാർ തിരിഞ്ഞ് ഓടി. രക്ഷപ്പെട്ട് ഓടുന്നതിനിടെ  നിലത്ത് വീണ് കുമാറിന്‍റെ തലയ്ക്കും കാലിനും  പരിക്കേൽക്കുകയായിരുന്നു.

മൂന്നാർ: ഇടുക്കിയിലെ ചിന്നക്കനാലിൽ  കാട്ടാനയുടെ മുന്നിൽപ്പെട്ട് ഭയന്നോടിയാൾക്ക് വീണ് പരിക്കേറ്റു. ചിന്നക്കനാൽ 301 കോളനി സ്വദേശി കുമാറിന് (49) ആണ് പരിക്കേറ്റത്.  വൈകുന്നേരം 7 മണിയോടെ ആണ് സംഭവം. സൂര്യനെല്ലിയിൽ വന്ന ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കുമാർ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ആന ചിന്നം വിളിച്ചെത്തിയതോടെ കുമാർ തിരിഞ്ഞ് ഓടി. രക്ഷപ്പെട്ട് ഓടുന്നതിനിടെ  നിലത്ത് വീണ് കുമാറിന്‍റെ തലയ്ക്കും കാലിനും  പരിക്കേൽക്കുകയായിരുന്നു.

ചക്കക്കൊമ്പനെ കണ്ടാണ് താൻ ഓടിയതെന്ന് കുമാർ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുമാറിനെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതിനിടെ ഇടുക്കിയിൽ നിന്നും മയക്കുവെടിവെച്ച് മാറ്റിയ അരിക്കൊമ്പൻ തമിഴ്നാട്ടിൽ തന്നെ തുടരുകയയാണ്. മയക്കു വെടിവെക്കാൻ അവസരം നൽകാതെ തമിഴ്നാട് തേനി ജില്ലയിലെ വനത്തിനുള്ളിൽ ആണ് അരിക്കൊമ്പൻ ഉള്ളത്. ഇന്നലെ പുലർച്ചെ മുതൽ പൂശാനംപെട്ടി മേഖലയിലെ വനത്തിനുള്ളിലാണ് അരിക്കൊമ്പനുള്ളതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ജനവാസ മേഖലയിലേക്ക് കാട്ടാന ഇറങ്ങുന്നത് തടയാൻ വനപാലകരുടെ വൻ സംഘത്തെയാണ് നിയേഗിച്ചിരിക്കുന്നത്. ഇന്നലെ മുതൽ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരാരും തന്നെ ഈ മേഖലയിലേക്ക് വരുന്നില്ല. ഉൾക്കാട്ടിലേക്ക്  അരിക്കൊമ്പൻ പോകുമെന്നാണ് വനംവകുപ്പിൻറെ കണക്കുകൂട്ടൽ. ആനയെ നിരീക്ഷിക്കുന്നത് തുടരുകയും ചെയ്യുന്നുണ്ട്. ജനവാസ മേഖലയിലേക്ക് ഇറങ്ങി ശല്യമുണ്ടാക്കിയാൽ മാത്രം മയക്കു വെടി വെക്കാനാണ് തീരുമാനം. അതേസമയം  ദൗത്യം തുടരുമെന്ന് കുമളിയിലെത്തിയ തമിഴ്നാട് സഹകരണ വകുപ്പ് മന്ത്രി ഐ പെരിയ സാമി പറഞ്ഞു.

Read More : പത്താം ക്ലാസിൽ മുഴുവൻ എ പ്ലസ്, ആഘോഷം, പിന്നാലെ രാഖിശ്രീയുടെ മരണം; യുവാവിനെതിരെ പോക്സോ കേസ്

Read More : 'അരിക്കൊമ്പൻ സാധു, ഉപദ്രവിച്ചാലേ തിരിച്ച് ഉപദ്രവിക്കൂ'; പദ്ധതിയെന്ത്? നിലപാട് വ്യക്തമാക്കി തമിഴ്നാട് മന്ത്രി

click me!