
മലപ്പുറം: മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് നേരെ തെരുവ് നായ്ക്കൾ പാഞ്ഞടുക്കുന്ന സി സി ടിവി ദൃശ്യങ്ങൾ. പുഴക്കാട്ടിരി കരുവാടിക്കുളമ്പിലാണ് നാല് ദിവസം മുമ്പ് സംഭവം നടന്നത്. കുട്ടി കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. പതുക്കെ സ്കൂൾ വാനിൽ നിന്ന് ഇറങ്ങി ബാഗ് ശരിയാക്കി മുന്നോട്ട് നടക്കാനൊരുങ്ങിയപ്പോഴാണ് പട്ടികളെ കണ്ടത്. തുടർന്ന് ചെറിയ കല്ലെടുത്ത് എറിഞ്ഞ് പട്ടിയെ ഓടിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു മൂന്ന് നായ്ക്കൾ, കുട്ടിക്ക് പിന്നാലെ ഓടിയടുത്തത്. ഓടി അടുത്ത വീട്ടിലേക്ക കയറിയ കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
അതേസമയം, സംസ്ഥാനത്ത് ഇന്നും നിരവധി പേർക്ക് നായയുടെ കടിയേറ്റു. തൃശ്ശൂരിൽ രണ്ട് പേർക്കും ഇടുക്കിയിൽ അഞ്ച് പേർക്കും കാട്ടാക്കടയിൽ നാല് പേർക്കുമാണ് തെരുവ് നായയുടെ കടിയേറ്റത്. തൃശ്ശൂർ അഞ്ചേരി സ്കൂളിന് സമീപത്ത് വച്ചാണ് രണ്ട് പേരെ പട്ടി കടിച്ചത്. ഓട്ടോ ഡ്രൈവറായ സന്തോഷിനേയും ഒരു ബംഗാൾ സ്വദേശിയേയുമാണ് നായ ആക്രമിച്ചത്. സന്തോഷിൻ്റെ കണങ്കാലിലാണ് നായ കടിച്ചത്. ഇരുവരേയും തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടുക്കി ഉപ്പുതറ കണ്ണംപടിയിൽ അഞ്ച് പേരെയാണ് തെരുവ് നായ കടിച്ചത്. കണ്ണൻപടി കിഴുകാനം സ്വദേശികളായ ഗോവിന്ദൻ ഇലവുങ്കൽ, രാഹുൽ പുത്തൻ പുരക്കൽ, അശ്വതി കാലായിൽ, രമണി പതാലിൽ, രാഗണി ചന്ദ്രൻ മൂലയിൽ തുടങ്ങിയവർക്കാണ് കടിയേറ്റത്. എല്ലാവർക്കും കാലിനാണ് കടിയേറ്റത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.
കാട്ടാക്കടയിൽ മൂന്ന് കുട്ടികൾ ഉൾപ്പടെ നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റു. ആമച്ചൽ, പ്ലാവൂർ എന്നീ സ്ഥലങ്ങളാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ആമച്ചൽ ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുകയിരുന്ന രണ്ട് കുട്ടികൾക്കും , ബസിൽ നിന്ന് ഇറങ്ങിയ കുട്ടിക്കുമാണ് ആദ്യം കടിയേറ്റത്.ഇവരെ കടിച്ച ശേഷം ഓടിപ്പോയ നായ ഒരു യുവതിയെയും ആക്രമിച്ചു. പരിക്കേറ്റവരെ മെഡിക്കൽ കോളജ് , നെയ്യാറ്റിൻകര ആശുലത്രികളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം കാട്ടാക്കട പൂവച്ചൽ പ്രദേശത്തും മൂന്ന് പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു
Read more: കാട്ടാക്കടയില്‍ തെരുവ് നായ് ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
അതേസമയം ആലുവ നെടുവന്നൂരിൽ ഇന്നലെ രണ്ട് പേരെ കടിച്ച തെരുവ് നായയെ പിടികൂടി. നിരീക്ഷണത്തിലാക്കിയ നായ പക്ഷേ പിന്നീട് ചത്തു. നെടുവന്നൂർ സ്വദേശികളായ ഹനീഫ, ജോർജ് എന്നിവർക്കാണ് ഇന്നലെ തെരുവ് നായയടെ കടിയേറ്റത്. റോഡരികിൽ കാറിന്‍റെ തകരാർ പരിഹരിക്കുന്നതിനിടെയാണ് ഓടിയെത്തിയ തെരുവുനായ ഫനീഫയെ കടിച്ചത്. കാലിൽ കടിച്ച് തൂങ്ങിയ നായയെ ഏറെ പണിപ്പെട്ടാണ് ഓടിച്ചത്.തൈക്കാവിൽ വച്ച് തന്നെയാണ് ജോർജിനും കടിയേറ്റത്. ഇരുവരും കളമശ്ശേരി മെഡിക്കൽ കോളേജിലും എത്തി വാക്സിൻ എടുത്തു.ഈ തെരുവുനായ കടിച്ച വളർത്ത് മൃഗങ്ങളും നിരീക്ഷണത്തിലാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam