
ചേർത്തല: ഗർഭിണികൾക്കായി സംഗീത മത്സരം സംഘടിപ്പിച്ച് ആശുപത്രി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 136 ഗർഭിണികൾ മത്സരത്തിൽ പങ്കെടുത്തു. ചേർത്തലയിലെ കിൻഡർ ആശുപത്രിയാണ് വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. ഗർഭകാലം ആഘോഷമാകണമെന്ന ആശയത്തോടെയാണ് ഈ മത്സരം സംഘടിപ്പിച്ചതെന്ന് കിൻഡർ ഹോസ്പിറ്റൽ ചെയർമാൻ ഡോ വി കെ പ്രദീപ് കുമാർ പറഞ്ഞു.
ഗ്രാൻഡ് ഫിനാലെ സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥികളായി വിൻസി അലോഷ്യസും എ എം ആരിഫ് എംപിയും പങ്കെടുത്തു. ഒന്നാം സ്ഥാനം കൊച്ചി സ്വദേശി മെറിൻ ജോൺ, രണ്ടാം സ്ഥാനം എറണാകുളം സ്വദേശി ആര്യ കൃഷ്ണ, മൂന്നാം സ്ഥാനം നോർത്ത് പറവൂർ സ്വദേശിയായ ദീപ ദാസ് എന്നിവർ കരസ്ഥമാക്കി. വിൻസി അലോഷ്യസ്, എ എം ആരിഫ് എം പി, ശോഭന രവീന്ദ്രൻ, ഡോ വി കെ പ്രദീപ് കുമാർ, ഷീറ പ്രദീപ് കുമാർ എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി. രണ്ട് ലക്ഷം രൂപ വില വരുന്ന ഒന്നാം സമ്മാനവും ഒന്നര ലക്ഷം രൂപ വിലവരുന്ന രണ്ടാം സമ്മാനവും ഒരു ലക്ഷം രൂപ വിലവരുന്ന മൂന്നാം സമ്മാനവും വിജയികൾ ഏറ്റുവാങ്ങി.
സ്പന്ദനം മ്യൂസിക് കോമ്പറ്റിഷൻ ഗ്രാൻഡ് ഫിനാലെ കാണാനും കിൻഡർ ഹോസ്പിറ്റൽ നവദമ്പതികൾക്കായി ഒരുക്കിയ വാലന്റൈൻസ് ഡേ ആഘോഷത്തിൽ പങ്കെടുക്കാനും 200 ഓളം നവദമ്പതികള്‍ എത്തിയിരുന്നു. പ്രശസ്ത പുല്ലാംകുഴൽ സംഗീതജ്ഞനായ രാജേഷ് ചേർത്തലയുടെ സംഗീത വിരുന്നും ഉണ്ടായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം