
കാസർകോട്: നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കാസർകോട് നിന്ന് കണ്ടെത്തി. കാസർകോട് ജില്ലയിലെ ക്ലായിക്കോടാണ് സംഭവം. ക്ലായിക്കോട് കാട് മൂടിക്കിടന്ന സ്ഥലത്താണ് ശിവലിംഗം കണ്ടെത്തിയത്. 800 മുതൽ 1200 വർഷം വരെ പഴക്കമുണ്ടാകും ശിവലിംഗത്തിനെന്നാണ് ചരിത്രകാരന്മാർ വിലയിരുത്തുന്നത്.
സാധാരണയിലും വ്യത്യസ്തമായതാണ് ഈ ശിവലിംഗം. പുതിയ കാലത്തെ ശിവലിംഗത്തിന്റെ ഉയരം ഇപ്പോൾ ക്ലായിക്കോട് കണ്ടെത്തിയ ശിവലിംഗത്തിന് ഇല്ല. ഉയരം കുറഞ്ഞ ശിവലിംഗമായതിനാലാണ് ഇതിന് നൂറ്റാണ്ടുകൾ പഴക്കമുണ്ടാകുമെന്ന് വിലയിരുത്താൻ കാരണം.
ക്ലായിക്കോട് വീരഭദ്രസ്വാമി ക്ഷേത്രത്തിന് സമീപത്താണ് സംഭവം. ക്ഷേത്രത്തിൽ ഈയടുത്ത് സ്വർണ പ്രശ്നം വെച്ചിരുന്നു ഇതിൽ മൺമറഞ്ഞ് കിടക്കുന്ന ശിവക്ഷേത്രത്തെ കുറിച്ച് പരാമർശിച്ചുവെന്നും സിപിഎം പ്രാദേശിക നേതാവും കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് അംഗവുമായ രാമചന്ദ്രൻ പറഞ്ഞു.. ഇതിന്റെ അടിസ്ഥാനത്തിൽ ക്ഷേത്ര ഭരണ സമിതി, ഇവിടെ തന്നെയുള്ള വിരമിച്ച അധ്യാപകനായ ശ്രീനിവാസനെ ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഈ പറമ്പ് വൃത്തിയാക്കാൻ അനുമതി തേടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ പറമ്പ് വൃത്തിയാക്കിയപ്പോഴാണ് ശിവലിംഗം കണ്ടെത്തിയത്. ശിവലിംഗത്തിന് പുറമെ ജാമിതീയ ആകൃതിയില്‍ കൊത്തിയെടുത്ത കരിങ്കല്‍ കഷണങ്ങളും ഇതോടൊപ്പം ഓടിന്‍റെ കഷണങ്ങളും ഇതേ പറമ്പിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ശ്രീനിവാസനോ കുടുംബമോ മറ്റാരെങ്കിലുമോ ഈ സ്ഥലത്ത് യാതൊന്നും ചെയ്തിട്ടില്ല. വര്‍ഷങ്ങളായി കാട് മൂടി കിടക്കുകയായിരുന്നു ഈ പറമ്പെന്ന് പ്രദേശവാസിയായ ഗോപാലകൃഷ്ണൻ പറഞ്ഞു.
ഐതിഹ്യമായി കരുതിയിരുന്ന നിക്കുന്നത്തപ്പന്‍റെ ക്ഷേത്രാവശിഷ്ടത്തില്‍ നിന്നാണ് ശിവലിഗം കണ്ടെത്തിയത് എന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്. പുരാവസ്തു വകുപ്പ് സ്ഥലത്ത് വിശദമായ പഠനം നടത്തിയേക്കും. ഇതിലൂടെ ഒരു നാടിന്‍റെ ആരാധനാ സമ്പ്രദായത്തിന്‍റെ കാലനിര്‍ണ്ണയം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam