
ആലപ്പുഴ: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ചക്കുളത്തുകാവ് പൊങ്കാല ചടങ്ങിൽ മാത്രം ഒതുക്കി. ഭക്തർക്ക് പൊങ്കാല ഇടാൻ അവസരം നിഷേധിച്ചതോടെ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന സ്ഥാപനങ്ങൾക്ക് കനത്ത തിരിച്ചടിയായി. ക്ഷേത്രത്തിനോട് ചേർന്ന് ഉപജീവനത്തിനായി വഴിവാണിഭം നടത്തുന്നവർക്ക് വരെയാണ് കനത്ത തിരിച്ചടി നേരിട്ടത്.
ചക്കുളത്തുകാവിലെ പൊങ്കാലയ്ക്ക് കെഎസ്ആർടിസി ബസ്സുകൾ യാത്രക്കാരെക്കൊണ്ട് നിറയാറുണ്ട്. പൊങ്കാല ചടങ്ങുകളിൽ ഒതുക്കിയതോടെ കെഎസ്ആർടിസിക്കും തിരിച്ചടിയായി. പൊങ്കാലയ്ക്ക് ദിവസങ്ങൾക്ക് മുൻപേ അന്തർസംസ്ഥാന സർവ്വീസ് ഉൾപ്പെടെ കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് ആരംഭിക്കുമായിരുന്നു. കൂടാതെ സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിൽ നിന്നും ചക്കുളത്തുകാവ് സ്പെഷ്യൽ സർവ്വീസ് നടത്തുകയും ചെയ്തിരുന്നു.
ജലഗതാഗത വകുപ്പിനും നഷ്ടം നേരിട്ടിട്ടുണ്ട്. ജില്ലയിലെ പല ഡിപ്പോകളിൽ നിന്നും പൊങ്കാല ദിവസം എടത്വയ്ക്ക് സർവ്വീസ് നടത്തിയിരുന്നു.
കൊവിഡ് വ്യാപനത്തിന് മുൻപുള്ള പൊങ്കാല മഹോത്സവത്തിൽ ക്ഷേത്രത്തിന് 70 കിലോമീറ്റർ ചുറ്റളവിൽ ഭക്തർ പൊങ്കാല നേദിക്കാൻ ഇരിപ്പിടം തയ്യാറാക്കിയിരുന്നു. പൊങ്കാല തലേദിവസം മുതൽ തിരുവല്ല - തകഴി സംസ്ഥാന പാത ഉൾപ്പെടെ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലയിലെ പ്രധാന പാതകൾ ഭക്തർ കൈയ്യടക്കിയിരുന്നു.
അന്തർ സംസ്ഥാനങ്ങളിൽ നിന്നും, തെക്ക് -വടക്ക് ജില്ലകളിൽ നിന്നുമെത്തുന്ന തീർത്ഥാടകർക്ക് താമസ സൗകര്യത്തിനും, ഭക്ഷണത്തിനും ഹോട്ടലുകളും, ലോഡ്ജുകളും ഉൾപ്പെടെ തട്ടുകടകൾ വരെ സജ്ജീകരിക്കാറുണ്ട്. കുപ്പിവെള്ളം മുതൽ കുട്ടികളുടെ കളിപ്പാട്ടങ്ങൾ വരെ വിൽപ്പന നടത്തുന്നവരും കാണാറുണ്ട്.
പൊങ്കാല കലങ്ങൾ, ഇഷ്ടിക, തവി എന്നിവ വിൽക്കുന്നവരും നിരവധിയാണ്. താൽക്കാലിക കച്ചവടക്കാരുടെ ഒരു വർഷത്തെ ഉപജീവന മാർഗ്ഗമാണ് ഇക്കുറി കൊവിഡ് നിയന്ത്രണം കവർന്നെടുത്തത്. കൊവിഡ് മാനദണ്ഡം പാലിച്ച് ഭക്തർക്ക് പൊങ്കാല അർപ്പിക്കാനുള്ള അവസരം നൽകണമെന്നാണ് തീർത്ഥാടകരുടെ ആവശ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam