
തൃശ്ശൂർ: ചാലക്കുടിപ്പുഴയില്‍ വെള്ളം കുറയുന്നത് കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ഈ അവസ്ഥ തുടര്‍ന്നാല്‍ വേനലാകുന്നതോടെ മുഴുവന്‍ കുടിവെള്ള പദ്ധതികളുടേയും പ്രവര്‍ത്തനം അവതാളത്തിലാകും. ഇതോടൊപ്പം കാര്‍ഷിക മേഖലയിലും വന്‍ പ്രതിസന്ധിയുണ്ടാകും.
തടയണകളുള്ള ഭാഗത്ത് മാത്രമാണ് ഇപ്പോള്‍ കുറച്ചെങ്കിലും ജലലഭ്യതയുള്ളത്. ചാലക്കുടിപ്പുഴയിലെ വെള്ളത്തെ ആശ്രയിച്ച് 750-ഓളം പമ്പ് ഹൗസുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 49 എണ്ണം കുടിവെള്ള പദ്ധതികളാണ്. ചാലക്കുടി, കൊടുങ്ങല്ലൂര്‍ നഗരസഭകളുള്‍പ്പെടെ 28 തദ്ദേശ സ്ഥാപനങ്ങളിലെ പ്രദേശങ്ങളിലേക്ക് ചാലക്കുടിപ്പുഴയില്‍ നിന്നാണ് കുടിവെള്ളം പമ്പ് ചെയ്യുന്നത്. വേനലാകുന്നതോടെ മലമുകളില്‍നിന്നും പാറക്കെട്ടുകളില്‍നിന്നും പുഴയിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും കുറയും.
പെരിങ്ങലില്‍ വൈദ്യുതി ഉത്പാദനം നടത്തി പുറത്ത് വിടുന്ന വെള്ളം മാത്രമാണ് ഇപ്പോള്‍ ചാലക്കുടിപ്പുഴയില്‍ എത്തുന്നത്. പുഴയരോത്തുള്ള പമ്പ് ഹൗസുകളില്‍ പമ്പിംഗ് നടക്കുന്നത് പകല്‍ സമയങ്ങളിലാണ്. പകല്‍ സമയങ്ങളില്‍ പുഴയില്‍ വെള്ളത്തിന്റെ അളവ് കുറവായതിനാല്‍ പമ്പിംഗ് നടത്താനുമാകുന്നില്ല. പുഴയില്‍ വെള്ളമില്ലാത്തത് വലതുകര-ഇടതുകര കനാലുകളേയും ബാധിച്ചിട്ടുണ്ട്. കനാല്‍ വെള്ളത്തെ ആശ്രയിച്ച് കൃഷിയിറക്കിയ കര്‍ഷകരും ഇതോടെ വെട്ടിലായി. കനാല്‍വെള്ളം തുറന്ന് വിടുന്നതോടെ കനാല്‍ കടന്ന് പോകുന്ന പ്രദേശങ്ങളിലെ കിണറുകളും കുളങ്ങളും നിറയുമായിരുന്നു. എന്നാല്‍ കനാല്‍ വെള്ളം ഇല്ലാതായതോടെ കിണറുകളൊല്ലാം വറ്റിതുടങ്ങി. പലയിടത്തും കുടിവെള്ള ക്ഷാമവും അനുഭവപ്പെടുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam