
കൊച്ചി: മത്സ്യപ്രേമികൾക്ക് ഉത്സവ നാളുകളിൽ കൂടുകൃഷിയിൽ വിളവെടുത്ത കരിമീനും കാളാഞ്ചിയും ചെമ്പല്ലിയും ജീവനോടെ സ്വന്തമാക്കാൻ അവസരമൊരുക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കർഷകർ നേരിട്ടെത്തിക്കുന്ന പിടയ്ക്കുന്ന മീനുകളുടെ മൂന്ന് ദിവസത്തെ വിൽപന മേള ഡിസംബർ 22 ന് കൊച്ചിയിലെ സിഎംഎഫ്ആർഐ ആസ്ഥാനത്ത് തുടങ്ങും.
സിഎംഎഫ്ആർഐയുടെ പരിശീലനം ലഭിച്ച കർഷകർ നടത്തുന്ന കൂടുകൃഷികളിൽ നിന്ന് വിളവെടുത്ത മീനുകളാണ് മേളയിലെത്തിക്കുക. ഉയർന്ന ഗുണമേൻമയുള്ള ശുദ്ധമായ മത്സ്യങ്ങൾ ഇടനിലക്കാരില്ലാതെ ആവശ്യക്കാർക്ക് നേരിട്ട് ലഭ്യമാക്കുകയാണ് മേളയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
കൊടുങ്ങല്ലൂരിലെ ബ്ലൂ പേൾ മത്സ്യ കർഷക ഉൽപാദന സംഘവുമായി സഹകരിച്ച് സിഎംഎഫ്ആർഐയുടെ അഗ്രികൾച്ചറൽ ടെക്നോളജി ഇൻഫർമേഷൻ സെന്‍റർ ആണ് വിൽപന മേള സംഘടിപ്പിക്കുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് സമയം. ഡിസംബർ 24 ചൊവ്വാഴ്ച മേള സമാപിക്കും. സിഎംഎഫ്ആർഐയിലെ മാരികൾച്ചർ ഡിവിഷനിൽ നിന്ന് പരിശീലനം ലഭിച്ച കൂടുകൃഷിയിൽ വൈദഗ്ധ്യമുള്ള മത്സ്യ കർഷകരുടെ കൂട്ടായ്മയാണ് ബ്ലൂ പേൾ കർഷക ഉൽപാദന സംഘം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം