കോലിയക്കോട് കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ ഗംഗ (42) മരിച്ചു. വലത്തേക്ക് തിരിയാൻ ഇൻഡിക്കേറ്ററിട്ട് നിർത്തിയ സ്കൂട്ടറിന് പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗംഗയുടെ മകൻ അമർനാഥിന് പരിക്കേറ്റു.
തിരുവനന്തപുരം: കോലിയക്കോട് കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കോലിയക്കോട് കീഴാമലയ്ക്കൽ ശാന്തിദീപം വീട്ടിൽ ഗംഗ (42) ആണ് മരിച്ചത്. രാവിലെ ഒൻപത് മണിയോടെ കോലിയക്കോടിനും വേളാവൂരിനും ഇടയിലായിരുന്നു അപകടം നടന്നത്. പോത്തൻകോട് ഭാഗത്തു നിന്നും വെഞ്ഞാറമൂട് ദിശയിലേക്ക് പോവുകയായിരുന്നു ഗംഗയും മകനും. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കോലിയക്കോട് ഭാഗത്തു നിന്നും വലതുവശത്തുള്ള മൺവിളമുകൾ റോഡിലേക്ക് തിരിയുന്നതിനായി ഇൻഡിക്കേറ്റർ ഇട്ട് റോഡിൽ നിർത്തി. പിന്നാലെ വന്ന കെഎസ്ആർടിസി ബസ് സ്കൂട്ടറിന് പിന്നിൽ ശക്തമായി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ സ്കൂട്ടർ എതിർദിശയിൽ നിന്നും വന്ന കാറിലും ഇടിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗംഗയെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മകൻ അമർനാഥ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കണിയാപുരത്ത് നിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്നു ബസാണ് അപകടമുണ്ടാക്കിയത്. കൃത്യമായ സിഗ്നൽ നൽകി തിരിയാൻ കാത്തുനിന്ന സ്‌കൂട്ടറിനെ പിന്നാലെ വന്ന ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വെഞ്ഞാറമൂട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.


