
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചങ്ങനാശ്ശേരി സ്വദേശി ഹസീന മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. മൂന്ന് ഡോക്ടർമാരുടെ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. പി കെ തോമസ്, ഡോ. എസ് ഹാരിജ, തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോ. സി രവീന്ദ്രൻ എന്നിവരുടെ സംഘമാണ് അന്വേഷിക്കുക. അതിവേഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് രാവിലെ ഡിവൈഎഫ്ഐ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ ഉപരോധിച്ചിരുന്നു. അന്വേഷണം ഉണ്ടാകുമെന്ന് ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
ഹെർണിയ സർജറിക്ക് വിധേയ ആയി ചികിത്സയിൽ കഴിയവേയാണ് ഹസീന മരിച്ചത്. പിന്നാലെ കുടുംബം പൊലീസിൽ പരാതി നൽകി. ആദ്യം താക്കോൽദ്വാര ശസ്ത്രക്രിയയും പിന്നീട് വയറുതുറന്നുള്ള ശസ്ത്രക്രിയയും നടത്തിയിരുന്നു. ഇതിനിടെ പിഴവുണ്ടായി എന്നാണ് കുടുംബത്തിന്‍റെ പരാതി. കഴിഞ്ഞ മാസം 18 നാണ് സർജറി നടത്തിയത്. ഡിസ്ചാർജ് ചെയ്തതിന് ശേഷവും കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ ചെയ്ത് സ്ഥലത്ത് അണുബാധയുണ്ടായതിനെ തുടർന്ന് വയർ തുറന്നു ശസ്ത്രക്രിയ ചെയ്തു. ഇതിനിടെയുണ്ടായ പിഴവ് എന്നാണ് കുടുബത്തിന്‍റെ പരാതി. എന്നാൽ ചികിത്സ പിഴവ് ഉണ്ടായിട്ടില്ല എന്നാണ് ആശുപത്രിയുടെ വിശദീകരണം. ശസ്ത്രക്രിയക്ക് ശേഷമുള്ള അണുബാധയാണ് മരണകാരണം എന്നും ആശുപത്രി അധികൃതർ ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam