
ഇടുക്കി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ പൂക്കളമൊരുക്കാന്‍ നിബന്ധനകള്‍ ഏറെയുള്ളപ്പോള്‍ പതിവു തെറ്റിച്ച് പൂത്തുലഞ്ഞ് നില്‍ക്കുന്ന ചെറി ബ്ലോസം മൂന്നാറില്‍ നിറക്കാഴ്ചയൊരുക്കുകയാണ്. ചോലവനങ്ങളിലും വഴിയോരങ്ങളിലും ഇളം റോസ് നിറത്തില്‍ പൂവിട്ട് നില്‍ക്കുന്ന മരങ്ങള്‍ പതിവു തെറ്റിച്ച് നേരത്തേയാണ് പൂത്തുലഞ്ഞത്. സാധാരണഗതിയില്‍ നവംബര്‍ മാസത്തിലാണ് ഈ മരങ്ങള്‍ വ്യാപകമായി പൂക്കുന്നതെങ്കിലും ഇത്തവണ ജൂലൈ മാസത്തില്‍ തന്നെ പുഷ്പിച്ചു തുടങ്ങിയിരുന്നു.
ഓഗസ്റ്റ് മധ്യത്തോടെ വ്യാപകമായി പൂവിട്ടു തുടങ്ങിയ ചെറി ബ്ലോസം ഓണക്കാലം അരികിലെത്തിയതോടെ വര്‍ണങ്ങളുടെ വസന്തം തീര്‍ക്കുന്നു. മാട്ടുപ്പെട്ടി, കുണ്ടള എന്നീ ഡാമുകളുടെ പരിസര പ്രദേശങ്ങളില്‍ പൂത്തുനില്‍ക്കുന്ന കാഴ്ച സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്നതാണ്. ചെണ്ടുവര, എല്ലപ്പെട്ടി, പുതുക്കടി തുടങ്ങിയ സ്ഥലങ്ങളിലും ഈ മരങ്ങള്‍ ധാരാളം പൂത്തുനില്‍ക്കുന്നുണ്ട്. പള്ളിവാസലില്‍ നിന്നും മൂന്നാറിലേക്കുള്ള പാതയിലും ഈ മരങ്ങള്‍ കാണാം. തേയിലക്കാടുകളോടു ചേര്‍ന്നുനില്‍ക്കുന്ന ചോലവനങ്ങളിലും ധാരാളമായി കാണപ്പെടുന്നുണ്ട്.
ശൈത്യകാലമായ ഡിസംബറില്‍ മൂന്നാറിലെത്തുന്ന സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിരുന്ന കാഴ്‌ചകളില്‍ ഒന്നായിരുന്നു ചെറി ബ്ലോസം മരങ്ങള്‍. പൂക്കളം ഒരുക്കാന്‍ തടസ്സങ്ങളേറെയുണ്ടെങ്കിലും പ്രകൃതി പതിവു തെറ്റിച്ച് ചെറി ബ്ലോസം മരങ്ങളെ നിറമണിയിച്ചതോടെ മൂന്നാര്‍ നിറങ്ങളുമായി ഓണത്തെ വരവേല്‍ക്കുകയാണ്.
താമരശ്ശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; നാല് പേര്‍ പിടിയില്‍
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam