
ചേർത്തല: ദേശീയ പാത നിർമാണത്തിനായി കൊണ്ടുവന്ന കമ്പി മോഷണം നടത്തിയ നാല് അന്തർ സംസ്ഥാന തൊഴിലാളികളെ ചേർത്തല പൊലീസ് പിടികൂടി. ദില്ലി സ്വദേശികളായ അഷറഫ് ഖാൻ ( 23 ), മുഹമ്മദ് ഫിറോസ് (38), സമീർ(19), റഹീസ് ( 23 ) എന്നിവരെയാണ് ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. ചേർത്തല നഗരസഭ 25 -ാം വാർഡിൽ വല്ലയിൽ ഷാപ്പിന് സമീപം വീട് വാടകയ്ക്കെടുത്ത് താമസിച്ചു വരികയായിരുന്നു ഇവർ. ദേശീയ പാത 66 നിർമ്മാണവുമായി ബന്ധപ്പെട്ട് ചേർത്തല നഗരത്തിൽ കെ സി സി ബിൽഡ് കോൺ പ്രൈവറ്റ് ലിമിറ്റഡ് എന്ന കൺസ്ട്രക്ഷൻ കമ്പനിയുടെ ഹൈവേ പാലം വർക്ക് സൈറ്റിൽ സൂക്ഷിച്ചിരുന്ന 200 കിലോയോളം കമ്പിയാണ് മോഷണം ചെയ്തത്.
പകൽ സമയങ്ങളിൽ ആക്രി സാധനങ്ങൾ പെറുക്കുന്നതിനായി മുച്ചക്ര സൈക്കിളിൽ കറങ്ങി നടക്കുന്ന ഇവർ രാത്രി ആളില്ലാത്ത സ്ഥലങ്ങളിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കുകയാണ് പതിവ്. മോഷണം, നടത്തിയ സാധനങ്ങൾ താമസ സ്ഥലത്തിന് സമീപത്തെ കുളത്തിൽ നിന്നും പൊലീസ് കണ്ടെടുക്കുകയായിരുന്നു. ചേർത്തല പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഓ അരുൺ ജി യുടെ നേതൃത്വത്തിൽ എസ് ഐമാരായ എസ് സുരേഷ്, കെ പി അനിൽകുമാർ, ആദർശ് എസ് എസ്, സന്തോഷ് കുമാർ, എസ് സി പി ഒ മാരായ സതീഷ്, വിനീഷ് സുധീഷ്, അനീഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് മറ്റ് സ്ഥലങ്ങളിൽ ഇവർ മോഷണം നടത്തിയിട്ടുണ്ടോയെന്ന് അറിയുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് എസ് എച്ച് ഒ പറഞ്ഞു. ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം