ലോക്ക് ഡൗൺ; പന്ത്രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാൻ പൊലീസ് വണ്ടി ഓടിയത് 28 കിലോമീറ്റർ; മാതൃക

Published : Mar 29, 2020, 10:59 AM IST
ലോക്ക് ഡൗൺ; പന്ത്രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാൻ പൊലീസ് വണ്ടി ഓടിയത് 28 കിലോമീറ്റർ; മാതൃക

Synopsis

20 മിനിറ്റ് കൊണ്ട് 28 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ഇവർ കുട്ടിയെ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചത്. തക്ക സമയത്ത് ചികിത്സ ലഭിച്ചതിനാൽ നവജാത ശിശു സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 

ചെറുപുഴ: പന്ത്രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ പൊലീസ് വണ്ടി ഓടിയത് 28 കിലോമീറ്റർ. ചെറുപുഴ പഞ്ചായത്തിലെ പാറോത്തുംനീർ സ്വദേശി പുളിഞ്ചക്കാതടത്തിൽ അനീഷിന്റെയും ജ്യോതിയുടെയും കുഞ്ഞാണ് പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെട്ടത്.

അസുഖം മൂർച്ഛിച്ചതോടെ പാറോത്തുംനീരിൽ നിന്നു പരിചയമുള്ള ഒരു ഓട്ടോറിക്ഷയിലാണ് കുഞ്ഞുമായി ദമ്പതികൾ ചെറുപുഴയിലെ ആശുപത്രിയിലെത്തിയത്. തുടർന്ന് കുട്ടിയുടെ നില ​ഗുരുതരമാണെന്നും കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നും ഡോക്ടർ നിർദേശിച്ചു.

മികച്ച ചികിത്സ ലഭിക്കണമെങ്കിൽ 28 കിലോമീറ്റർ താണ്ടി പയ്യന്നൂരിലെ ആശുപത്രിയിൽ എത്തണം. എന്നാൽ ലോക്ക് ഡൗണിന്റെ ഭാഗമായി പൊലീസ് പരിശോധനയുള്ളതിനാൽ ഓട്ടോറിക്ഷയുമായി പയ്യന്നൂരിൽ പോകാൻ ഡ്രൈവർ ബുദ്ധിമുട്ടറിയിച്ചു. ഇതോടെ ദമ്പതികൾ ആശങ്കയിലായി. 

എന്നാൽ, ഇരുവരുടെയും വിഷമം കണ്ട ഓട്ടോറിക്ഷ ഡ്രൈവർ ചെറുപുഴ പൊലീസ് സ്റ്റേഷനിലെത്തി ഇൻസ്പെക്ടർ എം.പി.വിനീഷ്കുമാറിനോട് വിവരം അറിയിക്കുകയായിരുന്നു. ആംബുലൻസ് വിളിക്കാൻ കാത്തു നിൽക്കാതെ സീനിയർ പൊലീസ് ഓഫീസർ സുധീർകുമാറിനോടും ഡ്രൈവർ കെ. മഹേഷിനോടും കുട്ടിയെ എത്രയും വേഗം പയ്യന്നൂരിലെ ആശുപത്രിയിൽ എത്തിക്കാൻ ഇൻസ്പെക്ടർ നിർദേശിച്ചു.

പിന്നാലെ ഇരുവരും ചേർന്ന് കുഞ്ഞിനെയും മാതാപിതാക്കളേയും പൊലീസ് വണ്ടിയില്‍ കയറ്റി പയ്യന്നൂരിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 20 മിനിറ്റ് കൊണ്ട് 28 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് ഇവർ കുട്ടിയെ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചത്. തക്ക സമയത്ത് ചികിത്സ ലഭിച്ചതിനാൽ നവജാത ശിശു സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

താരമായി ആറാം ക്ലാസുകാരൻ മാനവ്, അസ്‌ഹലയുടെ നോവ് ചിരിയിലേക്ക് മാഞ്ഞു; സ്‌കൂളിൽ പ്രത്യേക അസംബ്ലിയിൽ കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് നൽകി
വീട്ടുമുറ്റത്ത് നിന്ന് കാൽവഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി; രണ്ട് പേരെയും രക്ഷിച്ചു