
ഹരിപ്പാട് : ശക്തമായി പെയ്യുന്ന മഴയിൽ ചെറുതന (cheruthana ) പാണ്ടി പോച്ച പ്രദേശങ്ങൾ വെള്ളത്തിൽ .നിരവധി കുടുംബങ്ങൾ ദുരിതത്തിൽ. കാലവർഷം ശക്തമായതോടെ ചെറുതനയിലും വീയപുരത്തും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ചെറുതന ആനാരി വടക്ക് പാണ്ടി, ചങ്ങാരപ്പള്ളിച്ചിറ, അച്ചനാരി, കുട്ടങ്കേരി ,കാഞ്ഞിരംതുരുത്ത് തുടങ്ങിയ പ്രദേശങ്ങളും വീയപുരത്തെ മേൽപാടം തുരുത്തേൽ പ്രദേശങ്ങളുമാണ് വെള്ളത്തിനടിയിലായത്.
ചെറുതനയിൽ പുത്തൻ തുരുത്ത് മുതൽ ചെങ്ങാരപ്പള്ളിച്ചിറ വരെയുള്ള ഭാഗങ്ങളിൽ യാത്രയ്ക്ക് ഉയർന്ന നടവഴി പോലുമില്ലാത്ത അവസ്ഥയാണ്. റീബിൽഡ് കേരളയിൽ പെടുത്തി പാടശേഖരത്തിന്‍റെയും തോടിന്‍റെയും ഇരുവശങ്ങളും സംരക്ഷണ ഭിത്തി കെട്ടി ചെമ്മണ്ണടിച്ച് ഉയർത്തുമെന്നു് പ്രഖ്യാപിക്കുകയും നിർമ്മാണം ആരംഭിച്ച് തുടക്കത്തിൽ തന്നെ നിലയ്ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രണ്ട് മരണമാണ് പ്രദേശത്ത് നടന്നത്. രണ്ട് കിലോമീറ്ററോളം നടന്ന് മുസ്ലിം പള്ളിയിലാണ് സംസ്കരിക്കേണ്ടത്.
മുങ്ങിയ റോഡിലൂടെ ഏറെ സഹാസപ്പെട്ടാണ് മൃതദേഹം പള്ളിയിലെത്തിച്ചത്. മറ്റൊന്ന് വീട്ടിൽ ദഹിപ്പിക്കണം സിമന്‍റ് കട്ട വെച്ചുയർത്തി ദഹനത്തിനുള്ള സംവിധാനം ഏർപ്പെടുത്തുകയായിരുന്നു. പ്രദേശത്തെ വീടുകളെല്ലാം ശക്തമായ വെളളപ്പൊക്ക ഭീഷണിയാണ് നേരിടുന്നത്. താഴ്ന്ന പ്രദേശമായതിനാൽ ചെറുതും വലുതുമായ എല്ലാ വീടുകളുടേയും അവസ്ഥ സമാനമാണ്. റോഡ് ഉയർത്തി യാത്രാ യോഗ്യമാക്കിയാൽ കരയ്ക്ക് എത്തി നിൽക്കാനെങ്കിലും കഴിയുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. സമാന സാഹചര്യമാണ് അച്ചൻകോവിൽ ,പമ്പ നദികൾ സംഗമിക്കുന്ന വീയപുരം പഞ്ചായത്തിലെ തുരുത്തേൽ കടവ്. 25 ലധികം വീടുകളാണ് ഇവിടെ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam