ഭരണകൂട അവഗണനയ്‍ക്കെതിരെ, ജനിച്ച മണ്ണിന് വേണ്ടി പൊരുതാനൊരുങ്ങി ഒരു ഗ്രാമം

By Web TeamFirst Published Jan 21, 2019, 2:59 PM IST
Highlights

ശുദ്ധജലസ്രോതസുകളിലെല്ലാം സ്വര്‍ണാഭരണ നിര്‍മ്മാണ ശാലയുടെ ആസിഡ് മാലിന്യം. ശരീരത്തിലെ ത്വക്ക് അടര്‍ന്ന് പോകുന്ന അവസ്ഥയില്‍ നിന്ന് ഇപ്പോള്‍ കടുത്ത ശ്വാസ തടസമടക്കമുള്ള ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടു തുടങ്ങി. നരേന്ദ്രമോദി മുതല്‍ വി എസ്  വരെ കമ്പനി പൂട്ടണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ... ജീവിക്കാനായി സമരത്തിനൊരുങ്ങുകയാണ് ചെറുവത്തേരി ഗ്രാമം.

തൃശൂര്‍: ആസിഡ് മാലിന്യം കലര്‍ന്ന കിണറുകള്‍. ദൂഷ്യഫലങ്ങളനുഭവിക്കുന്ന നാടിനെ അവഗണിച്ച് ഭരണകൂടവും നീതിപീഠങ്ങളും. ഒരു കമ്പനിയുടെ പണത്തിന്റെ സ്വാധീനം ചെറുവത്തേരി ഗ്രാമത്തിന്റെ ഉറക്കം കെടുത്തിയിട്ട് നാലാണ്ടായി. ഒരു തുള്ളി ശുദ്ധജലത്തിനായുള്ള കരച്ചല്‍ പോലും കേള്‍ക്കാന്‍ മനസില്ലാതെയാണ് അധികാരികള്‍ ഈ ഗ്രാമവാസികളെ നരകിപ്പിക്കുന്നത്.

കേരളത്തിന്റെ സമരപോരാളി സാക്ഷാല്‍ വി എസ് അച്യുതാനന്ദന്‍ ചെറുവത്തേരിയില്‍ നേരിട്ടെത്തി കമ്പനിക്കെതിരെ നടപടി ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കോടതി ഉത്തരവിട്ടു. കരുത്തനെന്ന് ഖ്യാതിയുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പോലും അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി. എന്നിട്ടും ഒരു ജനതയുടെ കുടിവെള്ളം മുട്ടിച്ച് ആസിഡ് മാലിന്യം പരത്തുന്ന സ്വര്‍ണാഭരണ നിര്‍മ്മാണ ശാലയുടെ ഉടമസ്ഥര്‍ ആളുകളെ നോക്കി കൊഞ്ഞനം കുത്തുകയാണിപ്പോഴും.

ഭരണകൂടത്തിന്റെയും നീതി പീഠത്തിന്റെയും അവഗണനയില്‍ ചെറുവത്തേരി ഗ്രാമം മരണത്തെ അഭിമുഖീകരിക്കുകയാണിന്ന്. നാല് വര്‍ഷമായി ചെറുവത്തേരി ഗ്രാമം കുടിവെള്ളത്തിന് വേണ്ടിയുള്ള പോരാട്ടത്തിലായിട്ട്. സഹനം മതിയാക്കി അവസാന പോരാട്ടത്തിനൊരുങ്ങുകയാണ് ഗ്രാമം. വേണ്ടിവന്നാല്‍ ജനിച്ച മണ്ണിന് വേണ്ടി മരണത്തെ നേരിടാന്‍ വരെ ഗ്രാമവാസികള്‍ സ്വയം സജ്ജരാവുകയാണിവിടെ.

2015 ലാണ് തൃശൂരിനടത്ത് അവിണിശേരി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ചെറുവത്തേരിയിലെ നൂറോളം കുടുംബങ്ങളുടെ ജലസ്രോതസുകളില്‍ ആസിഡ് മാലിന്യം കലര്‍ന്ന് ഉപയോഗശൂന്യമാകാന്‍ തുടങ്ങിയത്. പ്രദേശത്തെ സ്വര്‍ണ്ണാഭരണ നിര്‍മ്മാണ ശാലയില്‍ നിന്നുള്ള മലിനജലം ശരിയായ രീതിയില്‍ സംസ്‌കരിക്കാത്തതാണ് പ്രദേശത്തെ കിണറുകളെ മലീമസമാക്കിയതെന്ന് കണ്ടെത്തിയെങ്കിലും ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല. 

പ്രതിഷേധവും മാസങ്ങള്‍ നീണ്ട കലക്ടറേറ്റ് സമരവും നടത്തിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് അവഗണനയായിരുന്നു ഫലം. നാല് വര്‍ഷമായി കുടിവെള്ളം വില കൊടുത്ത് വാങ്ങി പ്രദേശവാസികള്‍ ഉപയോഗിക്കുന്നു. രേഖാമൂലം പരാതിയെത്തിയെങ്കിലും ജില്ലാ ഭരണകൂടം മുതല്‍ ബിജെപി ഭരണം നിര്‍വഹിക്കുന്ന ഗ്രാമപഞ്ചായത്ത് വരെയുള്ളവര്‍ മുഖം തിരിഞ്ഞിരിക്കുകയാണ്. കുടിവെള്ളത്തിനും ഭക്ഷണം പാകം ചെയ്യാനും വില കൊടുത്ത് വാങ്ങുന്ന വെള്ളം ഉപയോഗിക്കുമ്പോഴും വസ്ത്രം കഴുകാനും മറ്റ് ആവശ്യങ്ങള്‍ക്കും ഇവിടുത്തെ വെള്ളമുപയോഗിച്ചവര്‍ക്കാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. 

ശരീരത്തിലെ ത്വക്ക് അടര്‍ന്ന് പോകുന്ന അവസ്ഥയില്‍ നിന്ന് ഇപ്പോള്‍ കടുത്ത ശ്വാസ തടസമടക്കമുള്ള ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടു തുടങ്ങിയെന്ന് ചെറുവത്തേരി സമരസമിതി കണ്‍വീനര്‍ ടി വി ചന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. മനുഷ്യാവകാശ കമ്മീഷനും ഹൈക്കോടതിയും പ്രധാനമന്ത്രിയടക്കമുള്ളവരും നടപടിക്ക് നിര്‍ദ്ദേശിച്ചു. ബിജെപി ഭരിക്കുന്ന പഞ്ചായത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും ആഭരണ നിര്‍മ്മാണ ശാലക്കൊപ്പം നിലയുറപ്പിച്ചതോടെയാണ് കുടുംബങ്ങള്‍ അനാഥമായത്.

ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ പ്രദേശം സന്ദര്‍ശിച്ച് നേരില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ജല പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇതിലും നടപടിയുണ്ടായില്ല. ഭരണകൂടത്തിന്റെയും നീതീപീഠത്തിന്റെയും കടുത്ത അവഗണന നേരിടുന്ന തങ്ങള്‍ മരണത്തെ അഭിമുഖീകരിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. നരകിച്ച് മരിക്കുന്നതിനേക്കാള്‍ പൊരുതി മരിക്കുന്നതാണ് നല്ലതെന്നും ജനിച്ച മണ്ണിന് വേണ്ടി ഇനി തങ്ങള്‍ക്ക് അത് മാത്രമാണ് ബാക്കി ചെയ്യാനുള്ളതെന്നും പ്രദേശവാസികള്‍ പറയുന്നു. 
 

click me!