
കല്‍പ്പറ്റ: 'കേരള ചിക്കന്‍' വരുന്നതോടെ കോഴിയിറച്ചിയുടെ വില വലിയ രീതിയില്‍ കുറയുമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കുടുംബശ്രീ മുഖാന്തിരം 'കേരള ചിക്കന്‍' ചില്ലറ വില്‍പ്പന സ്റ്റാളുകള്‍ തുറന്നെങ്കിലും എല്ലാ കൈവിട്ട മട്ടാണ് വര്‍ധിച്ചുവരുന്ന കോഴിയിറച്ചിവില സൂചിപ്പിക്കുന്നത്. ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്ന് കോഴിവിപണിയെ സ്വതന്ത്രമാക്കാനും ഗുണമേന്മയുള്ള ഇറച്ചി വില്‍ക്കാനുമായിരുന്നു 'കേരള ചിക്കന്‍' വഴി സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും പദ്ധതി പാളിയിരിക്കുകയാണിപ്പോള്‍.
നിലവില്‍ കോഴിയിറച്ചി വിപണിയില്‍ നാള്‍ക്കുനാള്‍ വില വര്‍ധിക്കുകയാണ്. എന്നാല്‍ ഇതിന്റെ ഗുണം ലഭിക്കുന്നത് ഇടനിലാക്കാര്‍ക്കാണെന്ന് മാത്രം. തീറ്റയുടെ വിലയടക്കം ഉയര്‍ന്നതിനാല്‍ വളര്‍ത്തുചിലവ് പോലും ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. പച്ചക്കറി വിപണിയെയും വെല്ലുന്ന തരത്തിലേക്കാണ് കോഴിവിപണിയില്‍ ഇടനിലക്കാരുടെ കളികള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം ചില്ലറവിപണിയില്‍ 170 മുതല്‍ 180 രൂപവരെയായിരുന്നു ഒരു കിലോ കോഴിയിറച്ചിയുടെ വില.
എന്നാല്‍ കര്‍ഷകരില്‍ നിന്ന് വെറും 80 രൂപക്കാണ് ഇടനിലക്കാര്‍ ഒരു കിലോ കോഴി വാങ്ങിയിട്ടുള്ളത്. 100 രൂപ മുതല്‍ 110 രൂപ വരെയാണ് ഇടനിലക്കാരും കച്ചവടക്കാരും പങ്കിട്ടെടുക്കുന്ന ലാഭം. ഓണം അടുത്തിരിക്കെ കോഴിയിറച്ചിക്ക് വില വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിന്റെ പങ്ക് തങ്ങള്‍ക്ക് എത്തുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഒരു കിലോ കോഴിക്ക് 100 രൂപയ്ക്ക് മുകളില്‍ ഉത്പാദനച്ചെലവ് വരുന്നുണ്ടെന്ന് വാകേരിയിലെ കര്‍ഷകനായ ജോജി വര്‍ഗീസ് പറഞ്ഞു. കോഴിക്കുഞ്ഞ് ഒന്നിന് 25 രൂപയാണ് നിലവിലെ വില.
40-42 ദിവസംകൊണ്ട് രണ്ട് കിലോക്ക് മുകളില്‍ തൂക്കമുള്ള കോഴിയെ വളര്‍ത്തിയെടുക്കാന്‍ നാലുകിലോ തീറ്റയെന്ന കണക്കില്‍ 170 രൂപയും പണിക്കൂലി, ഫാമില്‍ ഇടുന്ന അറക്കപ്പൊടി, വാക്‌സിന്‍, മരുന്ന്, അണുനാശിനി, വൈദ്യുതി, വെള്ളം എന്നിവയ്‌ക്കെല്ലാ കൂടി. 30 രൂപയോളവും ചെലവ് വരും. ഇത്തരത്തില്‍ ഒരു കോഴിക്ക് 225 രൂപ ചെലവ് വരുമ്പോള്‍, കിലോയ്ക്ക് 102 രൂപയ്ക്ക് മുകളില്‍ ലഭിച്ചെങ്കില്‍മാത്രമേ ലാഭമുണ്ടാകൂ എന്നാണ് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അഞ്ചു മാസം മുമ്പുവരെ കോഴിത്തീറ്റയുടെ 50 കിലോ ബാഗിന് 1500 രൂപയായിരുന്നു നല്‍കേണ്ടിയിരുന്നത്.
എന്നാല്‍ ഒരു ബാഗിന് 2200 രൂപക്കും മുകളിലാണ് ഇപ്പോഴുള്ള വില. ചോളം, സോയ തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനയും ലഭ്യതക്കുറവുമാണ് തീറ്റവില വര്‍ധിക്കാന്‍ കാരണമെന്നാണ് കോഴിത്തീറ്റക്കച്ചവടക്കാരുടെ വാദം. തമിഴ്നാട്ടില്‍നിന്നാണ് വയനാട്ടിലേക്ക് പ്രധാനമായും തീറ്റയെത്തുന്നത്. മഴക്കാലമായതിനാല്‍ ഫാമുകളില്‍ കോഴികള്‍ ചാകുന്നത് വര്‍ധിച്ചിട്ടുണ്ട്. പല ഫാമുകളിലും മരണനിരക്ക് 100ന് 20 ആയി ഉയര്‍ന്നിട്ടുണ്ട്.
സാധാരണ കാലവസ്ഥയില്‍ മരണനിരക്ക് തീരെ കുറവാണ്. തണുപ്പ് കൂടിയതോടെ രോഗം പിടിപ്പെട്ട് കോഴികള്‍ കൂട്ടത്തോടെ ചാകുന്നതും ഇടക്ക് സംഭവിക്കുന്നു. ഇതിനിടെ ഓണമടുത്തതോടെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് വലിയ കമ്പനികള്‍ ചെറിയ വിലയ്ക്ക് ജില്ലയിലേക്ക് വന്‍തോതില്‍ ഇറച്ചിക്കോഴികളെ ഇറക്കുമതി ചെയ്യുന്നതും ചെറുകിടകര്‍ഷകര്‍ക്ക് വെല്ലുവിളിയാണ്. മിക്കവരും ബാങ്ക് വായ്പയെടുത്താണ് കോഴിക്കൃഷിയിലേക്ക് ഇറങ്ങിയിരിക്കുന്നത്. 'കേരള ചിക്കന്‍' വരുന്നതോടെ തങ്ങളുടെ ശനിദശ മാറുമെന്ന് ചെറുകിട കച്ചവടക്കാര്‍ പ്രതീക്ഷ വെച്ചിരുന്നെങ്കിലും സമയം കളഞ്ഞത് മിച്ചമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam