കൊല്ലത്ത് ചിക്കൻപോക്സ് പടരുന്നു; 21 വിദ്യാർഥികൾക്ക് രോ​ഗബാധ, സ്കൂൾ അടച്ചുപൂട്ടി

By Web TeamFirst Published Jul 12, 2019, 3:26 PM IST
Highlights

21 വിദ്യാർഥികളില്‍ ചിക്കൻപോക്സ് രോ​ഗബാധ കണ്ടെത്തി. ഇതിനെ തുടർന്ന് പത്തനാപുരം മോഡല്‍ യുപി സ്കൂള്‍ അഞ്ച് ദിവസത്തേക്ക് അടച്ചുപൂട്ടി. 

കൊല്ലം: ജില്ലയില്‍ ഡിഫ്ത്തീരിയ സ്ഥിരീകരിച്ചതിന് പിന്നാലെ ചിക്കൻപോക്സ് വ്യാപകമായി പടരുന്നതായി റിപ്പോർട്ട്. 21 വിദ്യാർഥികളില്‍ ചിക്കൻപോക്സ് രോ​ഗബാധ കണ്ടെത്തി. ഇതിനെ തുടർന്ന് പത്തനാപുരം മോഡല്‍ യുപി സ്കൂള്‍ അഞ്ച് ദിവസത്തേക്ക് അടച്ചുപൂട്ടി.

രണ്ട് ദിവസം മുൻപാണ് പിറവന്തൂർ മോഡല്‍ യുപി സ്കൂളിലെ വിദ്യാർഥികളില്‍ ചിക്കൻപോക്സ് രോഗം കണ്ടെത്തിയത്. കൂടുതല്‍ കുട്ടികളിലേക്ക് രോഗം പടരാൻ തുടങ്ങിയതോടെ സ്കൂള്‍ അടച്ചുപൂട്ടുകയായിരുന്നു. ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശപ്രകാരമാണ് സ്കൂള്‍ അടച്ചത്. ചിക്കൻപോക്സ് രോഗം പിടിപ്പെട്ട കുട്ടികള്‍ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 

രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സ്കൂളില്‍ ശുചീകരണ പ്രവർത്തനങ്ങള്‍ ഊർജ്ജിതമാക്കി. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നിർദ്ദേശപ്രകാരം പ്രത്യേകസംഘം രോഗബാധ കണ്ടെത്തിയ സ്ഥലങ്ങളില്‍ ഫോഗിങ്ങ് ഉള്‍പ്പടെയുള്ള ശുചീകരണ പ്രവർത്തനങ്ങള്‍ നടത്തി. കാലാവസ്ഥയില്‍ ഉണ്ടായ മാറ്റമാണ് രോഗത്തിന് കാരണമായതെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍. അതേസമയം, രോഗം നിയന്ത്രണ വിധേയമാണന്നും പ്രതിരോധമരുന്ന് വിതരണവും ശുചീകരണ പ്രവർത്തനങ്ങളും വ്യാപകമാക്കിയെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

അവധികഴിഞ്ഞ് തിങ്കളാഴ്ച ക്ലാസ്സ് തുടങ്ങാനാണ് ആരോഗ്യവകുപ്പിന്‍റെ നിർദ്ദേശം. ജില്ലയുടെ മലയോര മേഖലകളില്‍ പകർച്ചപനി വ്യാപകമായി പടരുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡിഫ്ത്തീരിയ കണ്ടെത്തിയ ഓച്ചിറയില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തിന്‍റെ ക്യാമ്പ് തുടരുന്നുണ്ട്.

click me!