
തിരുവനന്തുപുരം: തന്റെ അത്യാശ്യവുമായി മുഖ്യമന്ത്രിയെ കാണാനെത്തിയ ആറ്റിങ്ങൽ നെടുങ്ങണ്ടം സ്വദേശി റഹീമിന് ഭിന്നശേഷി സൗഹൃദ വാഹനം സമ്മാനിച്ച് മുഖ്യമന്ത്രി. കഴിഞ്ഞ ഫെബ്രുവരി 27-നായിരുന്നു മുഖ്യമന്ത്രിയെ കാണാൻ റഹീം എത്തിയത്. തന്റെ ജീവിതത്തിന് ആശ്രയമായി ഒരു ഭിന്നശേഷി സൗഹൃദ വാഹനമായിരുന്നു റഹീം അന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ഇത് കൈമാറിക്കൊണ്ട് വൈകാരികമായ കുറിപ്പാണ് മുഖ്യമന്ത്രി പങ്കുവച്ചിരിക്കുന്നത്.
വാഹനം അനുവദിക്കണമെന്ന അപേക്ഷയുമായിട്ടായിരുന്നു ഭിന്നശേഷിക്കാരനായ റഹീം വീൽച്ചെയറിൽ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തിയത്. വീൽചെയറിൽ എത്തിയതറിഞ്ഞ് ഓഫീസിലുണ്ടായിരുന്ന മുഖ്യമന്ത്രി താഴേക്ക് നേരിടിട്ടെത്തി അപേക്ഷ വാങ്ങി. അപേക്ഷയിൽ അടിയന്തര നടപടി സ്വീകരിക്കാൻ ഓഫീസിൽ ഉള്ളവരോട് മുഖ്യമന്ത്രി അന്ന് നിർദ്ദേശിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ കുറിപ്പിങ്ങനെ...
ആറ്റിങ്ങൽ നെടുങ്ങണ്ടം സ്വദേശിയായ റഹീം ഇക്കഴിഞ്ഞ ഫെബ്രുവരി 27 ന് ഓഫീസിൽ വന്ന് കണ്ടിരുന്നു. വെല്ലുവിളികൾ നിറഞ്ഞ തന്റെ ജീവിതത്തിന് ആശ്രയമായി ഒരു ഭിന്നശേഷി സൗഹൃദ വാഹനമായിരുന്നു റഹീമിന്റെ ആവശ്യം. വേണ്ട നടപടികളെടുക്കാമെന്ന് അന്ന് ഉറപ്പുനൽകി. ഇന്ന് റഹീമിന് വാഹനം കൈമാറാൻ കഴിഞ്ഞു. ഐ ടി മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന്റെ സാമൂഹ്യ ഉത്തരവാദിത്വ ഫണ്ടിൽ നിന്നാണ് വാഹനം വാങ്ങിയത്. വാഹനം കൈപ്പറ്റിയപ്പോഴുള്ള റഹീമിന്റെ ചിരി ഏറെ ഹൃദ്യമായിരുന്നു. കേരളത്തിലെ മുഴുവൻ ഭിന്നശേഷിക്കാരും നിറചിരിയോടെയും സംതൃപ്തിയോടെയും ജീവിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ് എൽഡിഎഫ് സർക്കാർ. ക്രിയാത്മകമായ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റിത്തീർക്കാൻ നാമൊന്നിച്ചു നിൽക്കേണ്ടതുണ്ട്. റഹീമിന്റേത് പോലെയുള്ള അനേകം പുഞ്ചിരികൾ നമുക്ക് ചുറ്റും വിരിയട്ടെ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam