സന്തോഷം 'ജ്യോതിസിൽ'! അന്ന് ഭർത്താവിന് മികച്ച അധ്യാപക പുരസ്കാരം; ഇന്ന് ഭാര്യക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ

By Web TeamFirst Published Aug 14, 2022, 9:24 PM IST
Highlights

അധ്യാപകനായ ജോസ് ഡി സുജീവാണ് ആദ്യമായി ജ്യോതിസിലേക്ക് സംസ്ഥാന പുരസ്കാരം എത്തിച്ചത്. 3 വർഷത്തിന് ശേഷം ജ്യോതിസിലേക്ക് മറ്റൊരു അഭിമാന പുരസ്കാരം എത്തിച്ചിരിക്കുകയാണ് സുനിത എന്ന പൊലീസ് ഉദ്യോഗസ്ഥ

തിരുവനന്തപുരം: രണ്ട് സംസ്ഥാന അവാര്‍ഡുകള്‍ ഒന്നിന് പിന്നാലെ എത്തിയതിന്‍റെ സന്തോഷത്തിലാണ് തിരുവനന്തപുരം വട്ടപ്പാറ ' ജ്യോതിസ് ' എന്ന വീട്ടിലുള്ളവരെല്ലാം. അധ്യാപകനായ ജോസ് ഡി സുജീവാണ് ആദ്യമായി ജ്യോതിസിലേക്ക് സംസ്ഥാന പുരസ്കാരം എത്തിച്ചത്. 3 വർഷത്തിന് ശേഷം ജ്യോതിസിലേക്ക് മറ്റൊരു അഭിമാന പുരസ്കാരം എത്തിച്ചിരിക്കുകയാണ് സുനിത എന്ന പൊലീസ് ഉദ്യോഗസ്ഥ. അങ്ങനെ ഭാര്യയും ഭ‍ർത്താവും സംസ്ഥാന പുരസ്കാരം നേടിയ വീടായി ജ്യോതിസ് മാറി.

സ്വാതന്ത്യദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ പൊലീസ് മെഡലാണ് ഇവരുടെ വീട്ടിലെ ഏറ്റവും ഒടുവിലത്തെ സന്തോഷം. ഇന്നലെ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പട്ടികയിലാണ് എം ആര്‍ സുനിത അഭിമാന നേട്ടം സ്വന്തമാക്കിയത്. ക്രൈംബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലെ എ എസ് ഐ ആണ് സുനിത. 2001 ല്‍ പൊലീസ് സേനയില്‍ ചേര്‍ന്ന സുനിതയെ തേടിയെത്തിയ ആദ്യ മെഡലാണിത്. നേട്ടത്തില്‍ വലിയ സന്തോഷമുണ്ടെന്നാണ് സുനിത ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞത്. സുനിതയുടെ ഭര്‍ത്താവ് ജോസ് ഡി സുജീവിന് 2019 ലെ മികച്ച അധ്യാപകനുള്ള അവാര്‍ഡാണ് ലഭിച്ചത്. കോട്ടണ്‍ഹില്‍ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനാണ് ജോസ് ഡി സുജീവ്. പാര്‍വതി ജ്യോതിക എന്നിവരാണ് മക്കള്‍.

മനോജ് എബ്രഹാം അടക്കം കേരളത്തിലെ 12 ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ

അതേസമയം സ്വാതന്ത്ര്യദിനം പ്രമാണിച്ചുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ സംസ്ഥാനത്തെ 12 പൊലീസ് ഉദ്യോഗസ്ഥർക്കാണ് ലഭിച്ചത്. വിജിലൻസ് മേധാവി എ ഡി ജി പി മനോജ് എബ്രഹാമിനും എ സി പി ബിജി ജോര്‍ജിനും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചു. സ്തുത്യര്‍ഹ സേവനത്തിന് കേരളത്തില്‍ നിന്ന് 10 പൊലീസ് ഉദ്യോഗസ്ഥര്‍ മെഡലിന് അര്‍ഹരായി. ഡെപ്യൂട്ടി കമ്മിഷണര്‍ വി യു കുര്യാക്കോസ് , എസ് പി മുഹമ്മദ് ആരിഫ് പി എ , ട്രെയിനിംഗ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ടി കെ സുബ്രഹ്മണ്യന്‍, എസ് പി സജീവന്‍ പി സി , അസിസ്റ്റന്‍റ് കമ്മിഷണര്‍ കെ കെ സജീവ് , ഡെപ്യൂട്ടി സൂപ്രണ്ട് അജയകുമാര്‍ വേലായുധന്‍ നായര്‍, അസിസ്റ്റന്‍റ് കമ്മിഷണര്‍ ടി പി പ്രേമരാജന്‍, ഡെപ്യൂട്ടി സൂപ്രണ്ട് അബ്ദുല്‍ റഹീം അലി കുഞ്ഞ്, അസിസ്റ്റനന്‍റ് കമ്മിഷണര്‍ രാജു കുഞ്ചന്‍ വെളിക്കകത്ത്, ആംഡ് പൊലീസ് ഇന്‍സ്പെക്ടര്‍ എം കെ ഹരിപ്രസാദ് എന്നിവരാണ് മെഡല്‍ നേടിയത്. സി ആർ പി എഫിലെ അസി കമാൻഡൻഡും മലയാളിയുമായ എബി തോമസ് രണ്ടാമതും ധീരതയ്ക്കുള്ള പൊലീസ് മെഡലിന് ആർഹനായി. 2018ൽ നടന്ന ഓപ്പറേഷനിൽ ഹിസ്ബുക്ഷ കമാൻഡറെ വധിച്ചതിനാണ് അംഗീകാരം.

സംശയത്തിൽ രണ്ടുപേരെ പരിശോധിച്ചു, ഒരാളുടെ പക്കൽ100 കോടിയുടെ മയക്കുമരുന്ന്; രണ്ടാമന്‍റെ ബാഗ് തുറന്നവർക്ക് ഞെട്ടൽ

click me!