ഓണം 'പൊടി പൊടിക്കാൻ' ചാരായ നിര്‍മ്മാണം; 560 ലിറ്റർ കോടയും 15 ലിറ്റർ ചാരായവും പിടികൂടി നശിപ്പിച്ച് എക്സൈസ്

By Web TeamFirst Published Aug 14, 2022, 4:00 PM IST
Highlights

കായംകുളം എക്സൈസ് റേഞ്ച് സംഘം പത്തിയൂർ ഉള്ളിട്ട പുഞ്ച ഭാഗത്തെ വാറ്റ് കേന്ദ്രത്തിലാണ് റെയ്ഡ് നടത്തിയത്.

ആലപ്പുഴ : കായംകുളം പത്തിയൂരിൽ എക്സൈസ് റെയ്ഡിൽ 560 ലിറ്റർ കോടയും 15 ലിറ്റർ ചാരായവും പിടിച്ചു. ഓണത്തിന് മുന്നോടിയായി ചാരായം വാറ്റാൻ നടത്തിയ നീക്കമാണ് എക്സൈസ് പിടികൂടി നശിപ്പിച്ചത്. പത്തിയൂരിൽ വ്യാജ ചാരായ നിർമ്മാണവും വില്പനയും ശക്തമായി നടക്കുന്നതായി ആലപ്പുഴ എക്സൈസ്  ഇന്റലിജൻസ് ബ്യൂറോ പ്രിവൻ്റീവ് ഓഫീസർ എം അബ്ദുൽ ഷുക്കൂറിന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. 

കായംകുളം എക്സൈസ് റേഞ്ച് സംഘം പത്തിയൂർ ഉള്ളിട്ട പുഞ്ച ഭാഗത്തെ വാറ്റ് കേന്ദ്രത്തിലാണ് റെയ്ഡ് നടത്തിയത്. ചാരായം വാറ്റാൻ പാകപ്പെടുത്തിയ കോടയും, ചാരായവും റെയ്ഡിൽ കണ്ടെടുത്തു. പത്തിയൂർ എം എസ് കാഷ്യു ഫാക്ടറിയുടെ മതിലിന് പടിഞ്ഞാറ് വശം ഉള്ളിട്ട പുഞ്ച ഭാഗത്ത് നിന്ന് ചാരായം വാറ്റുനതിന് വേണ്ടി ഒളിപ്പിച്ച് വച്ച, 35 ലിറ്റർ കൊള്ളുന്ന 16 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 560 ലിറ്റർ കോടയും 15 ലിറ്റർ ചാരായവുമാണ് പിടിച്ചെടുത്തത്. ചെളിയും വെള്ളക്കെട്ടും നിറഞ്ഞ പുഞ്ചയിൽ എക്സൈസ് ഉദ്യോഗസ്ഥർ സാഹസികമായി ഇറങ്ങിയാണ് ചാരായവും കോടയും കണ്ടെടുത്തത്.
 

click me!