നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ച് ഒന്നരവയസുള്ള കുട്ടി മരിച്ചു; അഞ്ച് പേർക്ക് പരുക്ക്

By Web TeamFirst Published Mar 9, 2021, 8:39 PM IST
Highlights

ദേശീയ പാതയിൽ രാമപുരം ഹൈസ്കൂൾ ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. 

കായംകുളം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഒന്നരവയസുകാരി മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. ഏഴ് മാസം പ്രായമുള്ള കുഞ്ഞ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. തൃശൂർ തിരുച്ചിറപ്പള്ളി ചിറയ്ക്കൽ വീട്ടിൽ ഡെന്നി വർഗീസിന്റെ മകൾ സൈറ (ഒന്നര വയസ്) ആണ് മരിച്ചത്. 

സെന്നിയുടെ ഭാര്യ മിന്ന (28), ഏഴുമാസം പ്രായമുള്ള മകൾ ഇസ, മിന്നയുടെ സഹോദരൻ തോന്നയ്ക്കൽ ആട്ടോക്കാരൻ വീട്ടിൽ മിഥുൻ (30), അമ്മ ആനി (55), മിഥുന്റെ ഭാര്യ ലക്ഷ്മി (23) എന്നിവർക്കാണ് പരിക്കേറ്റത്. ദേശീയ പാതയിൽ രാമപുരം ഹൈസ്കൂൾ ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. 

ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറി ഡ്രൈവർ വിശ്രമിക്കാൻ വേണ്ടി റോഡരുകിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. കാർ ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്നാണ് അപകടം ഉണ്ടായത്. കാറിന്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നു. മിഥുനായിരുന്നു വാഹനം ഓടിച്ചിരുന്നത്. 

നിർത്തിയിട്ടിരുന്ന ലോറിയിൽ പാർക്കിങ് ലൈറ്റ് തെളിഞ്ഞിരുന്നില്ലെന്നും അതിനാൽ വാഹനം കാണാൻ കഴിഞ്ഞില്ലെന്നുമാണ് വാഹനം ഓടിച്ചിരുന്ന മിഥുൻ പോലീസിനോട് പറഞ്ഞത്. മിന്നയും, മകൾ സൈറയും മുൻവശത്താണ് ഇരുന്നത്. പരുക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളേജിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

click me!