'ന്നെ കാണാന്‍ വരോ ഉമ്മാ'; ഉപ്പയും ഉമ്മയും ഒന്നിക്കാന്‍ കത്തെഴുതി കാത്തിരിക്കുന്ന രണ്ടാംക്ലാസുകാരന്‍

By Web TeamFirst Published Jul 9, 2020, 12:37 PM IST
Highlights

ബാലാവകാശകമ്മീഷന് കത്തെഴുതിയതുവഴി ഉമ്മ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആ കുഞ്ഞ് കാത്തിരിക്കുന്നത്. അവന്റെ ഉമ്മയെ കാണാന്‍, അനിയനുമൊത്ത് കളിക്കാന്‍!

കോഴിക്കോട്: മാതാപിതാക്കള്‍ക്കൊപ്പം ചിലവിടേണ്ട ബാല്യം അവരെ പിരിഞ്ഞിരിക്കുന്ന വേദനയില്‍ കഴിച്ചുകൂട്ടുന്ന കുരുന്നുകള്‍ ഏറെയുണ്ട്. കോഴിക്കോട് പറന്പില്‍ കടവിലെ രണ്ടാം ക്ലാസുകാരന്‍ മുഹമ്മദ് അഫ്‌ലഹ് റോഷന്‍ ആ വേദനയില്‍നിന്ന് കരകയറാന്‍ ബാലവകാശ കമ്മീഷനും തന്റെ സ്‌കൂളിലെ പ്രധാനാധ്യാപകനും കത്തെഴുതി. ആവശ്യമിതാണ്, ഉമ്മയെ തിരിച്ചുവേണം. അവന്‍ കുഞ്ഞുവാവയെന്ന് വിളിക്കുന്ന അവന്റെ അനിയനൊപ്പം കളിക്കണം. 

ഉപ്പയുമായി പിരിഞ്ഞ് ഉമ്മയുടെ വീട്ടിലാണ് അഫ്‌ലഹിന്റെ ഉമ്മ. വീട്ടില്‍ നിന്ന് പോയതിന് ശേഷം രണ്ട് തവണ സ്‌കൂളില്‍ വന്ന് കണ്ടതിന് ശേഷം അഫ്‌ലഹ് ഉമ്മയെ കണ്ടിട്ടേ ഇല്ല. അനിയന്‍ ഉമ്മയുടെ കൂടെയാണ്. മകനെ ഇടയ്‌ക്കൊക്കെ വിളിക്കുമായിരുന്നെങ്കിലും ഇപ്പോള്‍ വിളിയുമില്ലെന്ന് പറയുന്നു അഫ്‌ലഹ്. ബാലാവകാശകമ്മീഷന് കത്തെഴുതിയതുവഴി ഉമ്മ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആ കുഞ്ഞ് കാത്തിരിക്കുന്നത്. അവന്റെ ഉമ്മയെ കാണാന്‍, അനിയനുമൊത്ത് കളിക്കാന്‍!

click me!