ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന; ദമ്പതികള്‍ ഇത്തവണയും പതിവ് മുടക്കിയില്ല

By Web TeamFirst Published Jul 8, 2020, 9:33 PM IST
Highlights

ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പൂളക്കോട് സ്വദേശികളായ പാറക്കല്‍ അച്ച്യുതന്‍ മാസ്റ്ററും ഭാര്യ ഡോ. ഇ.സി സരസ്വതിയുമാണ് മനുഷ്യ സ്‌നേഹത്തിന്റെ മാതൃക സൃഷ്ടിച്ച് ശ്രദ്ധേയരായത്

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത് ജീവിതത്തിന്റെ ഭാഗമാക്കിയ ദമ്പതികള്‍ ഇക്കുറിയും പതിവ് മുടക്കിയില്ല. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പൂളക്കോട് സ്വദേശികളായ പാറക്കല്‍ അച്ച്യുതന്‍ മാസ്റ്ററും ഭാര്യ ഡോ. ഇ.സി സരസ്വതിയുമാണ് മനുഷ്യ സ്‌നേഹത്തിന്റെ മാതൃക സൃഷ്ടിച്ച് ശ്രദ്ധേയരായത്.

തങ്ങളുടെ പെന്‍ഷന്‍ അടങ്ങുന്ന വരുമാനത്തില്‍ നിന്ന് ഒരു ഭാഗം 2018ലെയും 2019ലെയും പ്രളയ ദുരിത കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ ഇവര്‍ കൊവിഡ് വന്നതോടെ വലിയൊരു തുകയാണ് ഇത്തവണയും സംഭാവനയായി നല്‍കിയത്. ഈ വര്‍ഷം അച്ച്യുതന്‍ മാസ്റ്റര്‍ 57,000 രൂപ നല്‍കിയപ്പോള്‍ ഡോ. സരസ്വതി ഡിവിഡന്റായി ലഭിച്ച 6,000 രൂപയടക്കം 10,000 രൂപയാണ് നല്‍കിയത്. 

2018ല്‍ ഇരുവരും ചേര്‍ന്ന് 50,000 രൂപയും 2019ല്‍ 45,000 രൂപയുമാണ് നല്‍കിയിരുന്നത്. വാഴക്കാട് യു.പി സ്‌കൂളില്‍ നിന്ന് വിരമിച്ച അച്ച്യുതന്‍മാസ്റ്ററും ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നിന്ന് വിരമിച്ച ഡോ. ഇ.സി സരസ്വതിയും അവശതകള്‍ക്കിടയിലും പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാണ്. ഇത്തവണയും പി.ടി.എ റഹീം എം.എല്‍.എയാണ് ചെക്ക് ഏറ്റുവാങ്ങിയത്. ടി.കെ മുരളീധരന്‍, കെ. പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read more: വേമ്പനാട് കായലിൽ മത്സ്യബന്ധന വള്ളം മുങ്ങി; ആറ് പേരെ ജലഗതാഗത വകുപ്പിൻ്റെ യാത്രാബോട്ട് രക്ഷിച്ചു

click me!