
കുട്ടനാട്: അർബുദ രോഗത്തെ തുടർന്ന് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ചികിത്സയ്ക്കായി നീരേറ്റുപുറം എം ടി എൽ പി സ്കൂളിലെ കുരുന്നുകൾ കൈകോർത്തു. തലവടി പഞ്ചായത്ത് 13-ാം വാർഡിൽ പുത്തൻപുരയ്ക്കൽ അഭിലാഷിന്റെയും സനിലകുമാരിയുടേയും മകൻ അഭിനവിന്റെ ചികിത്സാ സഹായത്തിനായാണ് കുരുന്നുകള്‍ മുന്നിട്ടിറങ്ങിയത്.
അഭിനവിന്‍റെ കുടുംബം പണമില്ലാതെ ബുദ്ധിമുട്ടുന്നത് അറിഞ്ഞ കുട്ടികൾ സ്വന്തം നിലയിൽ ധനസമാഹരണത്തിനായി രംഗത്തിറങ്ങുകയായിരുന്നു. ഇവർ സമാഹരിച്ച തുക സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ലീഡർ അജയ് കൊച്ചുമോനിൽ നിന്ന് സമിതി ചെയർമാൻ രമേശ് വി ദേവ്, ഡോ. ജോൺസൺ വി ഇടിക്കുള എന്നിവർ ഏറ്റുവാങ്ങി.
തലവടി വൈ എം. സി എ പ്രസിഡന്റ് ജോജി ജെ വയലപ്പള്ളി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എം ജി കൊച്ചുമോൻ അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് സോണി മാത്യു, സ്റ്റാഫ് സെക്രട്ടറി വി ഐ. രമ്യ, അദ്ധ്യാപകരായ അക്സാ സൂസൻ ഫിലിപ്പ്, ഹേമ ഹരികുമാർ, ഒ പി സുമ എന്നിവർ പങ്കെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം