
തൃശൂര്‍: വയനാട്ടില്‍ നിന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ച നരഭോജിക്കടുവയ്ക്ക് വീണ്ടും ശസ്ത്രക്രിയ. മുഖത്തേറ്റ ആഴത്തിലുള്ള പരിക്ക് ഭേദമാകാത്തതിനാലാണ് ശസ്ത്രക്രിയ നടത്തുക. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് വിദേശത്തുനിന്നുള്ള മൃഗങ്ങളെ ജൂണോടെ എത്തിക്കുമെന്ന് മന്ത്രി രാജന്‍ പറഞ്ഞു. ഡിസംബര്‍ പതിനെട്ട് കൂട്ടിലായ നരഭോജിക്കടുവയെ പത്തൊമ്പതിനാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ ക്വാറന്‍റൈന്‍ സെന്‍ററിലെത്തിച്ചത്. തൊട്ടടടുത്ത ദിവസം തന്നെ വെറ്റിനറി കോളെജിലെ ഡോക്ടര്‍മാരുള്‍പ്പെട്ട സംഘം മുഖത്തേറ്റ പരിക്ക് തുന്നിക്കെട്ടി. മരുന്നുകള്‍ ഭക്ഷണത്തിലൂടെ നല്‍കി. ഒരുമാസത്തിനുള്ളില്‍ പരിക്ക് ഭേദമാകുമെന്ന് വിലയിരുത്തിയെങ്കിലും കടുവയുടെ പരാക്രമത്താല്‍ മുറിവ് ഉണങ്ങാന്‍ സമയമെടുക്കുകയാണ്.
ഒരു തവണ കൂടി ചെറു ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. രുദ്രന്‍ എന്ന് പേരിട്ടിരിക്കുന്ന കടുവ ആരോഗ്യം വീണ്ടെടുക്കാന്‍ ഇനിയും ഒരുമാസം കൂടിയെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഭക്ഷണം കഴിക്കുന്നുണ്ട്. ഏഴുകിലോ ബീഫാണ് ഒരു ദിവസം നല്‍കുന്നത്. അറുപത് ദിവസമാണ് ക്വാറന്‍റൈന്‍ കാലം. അതുവരെ സെല്ലില്‍ തന്നെയായിരിക്കും രുദ്രന്‍റെ വാസം. പിന്നീട് സുവോളജിക്കല്‍ പാര്‍ക്കിലെ കടുവകള്‍ക്കായി ഒരുക്കിയിരിക്കുന്ന ആവാസ കേന്ദ്രത്തിലേക്ക് മാറ്റും. ഏപ്രില്‍ മാസത്തോടെ രാജ്യത്തിനകത്തുനിന്നുള്ള കൂടുതല്‍ മൃഗങ്ങളെ പുത്തൂരിലേക്കെത്തിക്കും. അനാക്കോണ്ടയെയായിരിക്കും വിദേശത്തു നിന്നും ആദ്യമെത്തിക്കുക.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam