ഇനി മുതൽ മൂന്നാറിലെത്തുന്നവർക്ക് ചൊക്രമുടി മലനിരകൾ കാണാം

By Web TeamFirst Published Nov 26, 2019, 11:11 AM IST
Highlights

തദ്ദേശീയർക്ക് 400 രൂപയും വിദേശികൾക്ക് 600 രൂപയുമാണ് മലനടന്നു കാണാൻ അധികൃതർ ഈടാക്കുന്നത്. ദേവികുളം ഗ്യാപ് റോഡിനു സമീപത്തെ താൽക്കാലിക ട്രക്കിംഗ് ഓഫീസിൽ എത്തിയാൽ അനുമതി ലഭിക്കും. 

ഇടുക്കി: മീശപ്പുലിമലയിലെ മഞ്ഞു പെയ്യുന്ന താഴ്‍ വരകള്‍ കണ്ടുമടങ്ങിയവരാണ് നമ്മളിൽ പലരും. എന്നാൽ സമുദ്രനിരപ്പിൽ നിന്നും 7300 അടി ഉയരമുള്ള ചൊക്രമുടി ആരും കണ്ടിരിക്കില്ല. കഴിഞ്ഞ ദിവസം വരെ ചൊക്രമുടിയിൽ കയറാൻ വനം വകുപ്പ് അനുമതി നൽകിയിരുന്നില്ലയെന്നതാണ് യാഥാർത്ഥ്യം. എന്നാൽ ഇപ്പോൾ സാഹചര്യങ്ങൾ മാറിയിരിക്കുകയാണ്. ഇന്ന് മുതൽ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ചൊക്രമുടി കണ്ടു മടങ്ങാം.

തദ്ദേശീയർക്ക് 400 രൂപയും വിദേശികൾക്ക് 600 രൂപയുമാണ് മലനടന്നു കാണാൻ അധികൃതർ ഈടാക്കുന്നത്. ദേവികുളം ഗ്യാപ് റോഡിനു സമീപത്തെ താൽക്കാലിക ട്രക്കിംഗ് ഓഫീസിൽ എത്തിയാൽ അനുമതി ലഭിക്കും. ബൈസൻവാലി , ചിന്നക്കനാൽ, ദേവികുളം മേഘലകളുമായി അതിർത്തി പങ്കിടുന്ന മലനിരകളാണിത്. കൊച്ചി-ധനുഷ്കോടി ദേശീയപാത കടന്നുപോകുന്ന ഗ്യാപ് റോഡിൽ നിന്നും മൂന്ന് കിലോമീറ്റർ കാൽനടയായി മല കയറിയാൽ ചൊക്രമുടിയിലെത്താം. 

താഴ്വാരങ്ങളിലെ തേയില തോട്ടങ്ങളും, മൂന്നാർ, പൊൻമുടി, ആനിയിറങ്ങൽ, മതികെട്ടാൻ ചോല ദേശീയോദ്യാനം, മണി തുക്കാം മേട്, ബൈസൻവാലി, മുട്ടുകാട് പടശേഖരം തുടങ്ങിയ സ്ഥലങ്ങൾ ഇവിടെ നിന്നും കാണാൻ കഴിയും. കാലവസ്ഥ അനുകൂലമായാൽ ആന മുടിയും മീശപ്പുലി മലയും ദൃശ്യവിരുന്നൊരുക്കും.

click me!