
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമീപ പഞ്ചായത്തുകളുടെ വികസനം ലക്ഷ്യമിട്ടുകൊണ്ട് സിയാൽ നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികൾ ഉദ്‌ഘാടന സജ്ജമാകുന്നു. സെപ്റ്റംബർ 25ന് കല്ലുംകൂട്ടത്ത് മന്ത്രി പി രാജീവ് എയർപോർട്ട് റിങ് റോഡ് ഉദ്‌ഘാടനം ചെയ്യും. 40 കോടി രൂപ ചെലവിൽ സിയാൽ നിർമ്മിക്കുന്ന മൂന്ന് പാലങ്ങളുടെ നിർമാണോദ്‌ഘാടനം സെപ്റ്റംബർ 27ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കാഞ്ഞൂർ പഞ്ചായത്തിൽ, ആറാം ഗേറ്റ് മുതൽ കല്ലുംകൂട്ടം വരെയാണ് റിങ് റോഡ് നിലവിൽ വരുന്നത്. വിമാനത്താവളത്തിന്റെ തെക്ക്, വടക്ക് പ്രദേശങ്ങളെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിർമിക്കുന്ന റിങ് റോഡിന്റെ ആദ്യ ഘട്ടമാണിത്.
റിങ് റോഡിന്റെ ഔപചാരിക ഉദ്‌ഘാടനം സെപറ്റംബർ 25 വ്യാഴാഴ്ച്ച വൈകുന്നേരം 5 മണിക്ക് കല്ലുംകൂട്ടത്ത് വച്ച് മന്ത്രി പി. രാജീവ് നിർവഹിക്കും. അൻവർ സാദത്ത് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ബെന്നി ബെഹനാൻ എം.പി, റോജി.എം.ജോൺ എം.എൽ.എ, മറ്റ് ജനപ്രതിനിധികൾ, സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ്, ഐ.എ.എസ് എന്നിവർ പങ്കെടുക്കും. പുളിയാമ്പിള്ളി, മഠത്തി മൂല, ചൊവ്വര എന്നിവിടങ്ങളിലാണ് മൂന്ന് പാലങ്ങൾ നിർമിക്കാൻ സിയാൽ പദ്ധതിയിടുന്നത്. നിർമ്മാണോദ്‌ഘാടനം സെപ്റ്റംബർ 27, ശനിയാഴ്ച വൈകീട്ട് 3:15ന് സിയാൽ കോൺഫറൻസ് ഹാളിൽ വച്ച് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം നിർവഹിക്കും.
പുളിയാമ്പിള്ളി പാലം തുറവുങ്കര - പിരാരൂർ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കും. 200 മീറ്ററാണ് നീളം. ചൊവ്വര - നെടുവന്നൂർ സൗത്ത് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചൊവ്വര പാലത്തിന്റെ നീളം 114 മീറ്ററാണ്. 177 മീറ്റർ നീളമുള്ള മഠത്തി മൂല പാലം കപ്രശ്ശേരി വെസ്റ്റ് - പുറയാർ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു. ഇരുവശങ്ങളിലുമായി നടപ്പാത, അനുബന്ധ റോഡുകൾ എന്നിവ കൂടി നിർമിക്കും.
കൊച്ചി വിമാനത്താവളത്തിന്റെ പരിസര പ്രദേശത്തെ വെള്ളപ്പൊക്ക ഭീഷണിയിൽ നിന്നും രക്ഷിക്കുക, ഗതാഗത അടിസ്ഥാന സൗകര്യ വികസനം എന്നിവ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് പാലം നിർമ്മിക്കുന്നത്. ചടങ്ങിൽ മന്ത്രി. പി രാജീവ് അധ്യക്ഷത വഹിക്കും. അൻവർ സാദത്ത് എം.എൽ.എ, ബെന്നി ബഹന്നാൻ എം.പി,റോജി.എം.ജോൺ എം.എൽ.എ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, സിയാൽ മാനേജിങ് ഡയറക്ടർ . എസ്.സുഹാസ് ഐ.എ. എസ് എന്നിവർ പങ്കെടുക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam