
പത്തനംതിട്ട: ഗുണ്ടകളായ കാപ്പ പ്രതികളോട് ബന്ധം പുലർത്തിയതിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ഇടത് അനുകൂല പൊലീസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി സിപിഒ നിഷാന്ത് ചന്ദ്രനെ സർവീസിൽ നിന്നും പുറത്താക്കി. ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപവും കണ്ടെത്തിയതിനെ തുടർന്നാണ് നിഷാന്തിനെ ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് സർവീസിൽനിന്ന് പിരിച്ചുവിട്ടത്. തിരുവല്ല പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യവേ കാപ്പാ കേസ് പ്രതികളുമായി നിഷാന്ത് ചന്ദ്രൻ നിരന്തരം ബന്ധം പുലർത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പൊലീസ് സേനയുടെ അന്തസ്സിനും വിശ്വാസ്യതയ്ക്കും നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതും ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ച വരുത്തിയതുമാണ് നടപടിക്കു കാരണമെന്ന് ഉത്തരവിൽ പറയുന്നു. നിരവധി തവണ ട്രാൻസ്ഫറും സസ്പെൻഷനും നേരിട്ടയാളാണ് നിഷാന്ത്. നിഷാന്തിന് കുറേ നാളായി കുപ്രസിദ്ധ ഗുണ്ടകളടക്കമുള്ളവരോട് ബന്ധമുണ്ടെന്ന വിവരം പൊലീസ് സേനക്കുള്ളിൽ ചർച്ചയുണ്ടായിരുന്നു. ഇതോടെ ഇക്കാര്യം പരിശോധിക്കാൻ ഒരു സമതിയെ നിയോഗിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിഷാന്ത് ചന്ദ്രൻ ഉപയോഗിച്ചിരുന്ന രണ്ട് ഫോൺ നമ്പരുകളിൽ ഒരു ഫോൺ നമ്പരിൽ നിന്ന് കാപ്പ കേസ് പ്രതിയും നാടകടത്തപ്പെട്ട റോഷൻ വർഗ്ഗീസ്, പീച്ചി സ്റ്റേഷനിലെ ഹൈവേ റോബറി കേസിലെ പ്രതിയായ കിരൺ തുടങ്ങിയ ഗുണ്ടകളുമായി നിരവധി തവണ ബന്ധപ്പെട്ടതായി കണ്ടെത്തി.
അന്വേഷണത്തിൽ നിഷാന്ത് സ്വകാര്യ നമ്പറിൽ നിന്നും ഒദ്യോഗിക നമ്പരിൽ നിന്നും കാപ്പ കേസ് പ്രതികളുമായി നിരന്തരം ബന്ധപ്പെട്ടതായി തെളിഞ്ഞു. അന്വേഷണ സമിതി റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. കഴിഞ്ഞ പന്ത്രണ്ടാം തീയതി അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. നിഷാന്ത് 26-ാം തീയതി നൽകിയ വിശദീകരണവും തൃപ്തികരമല്ലാതായതോടെയാണ് ഇയാളെ പിരിച്ച് വിട്ട് ജില്ലാ പൊലീസ് മേധാവി അന്തിമ ഉത്തരവിറക്കിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam