മലപ്പുറം വഴിക്കടവിൽ കൂട്ടിലടച്ച വളർത്തുനായയെ അജ്ഞാത ജീവി ആക്രമിച്ചു കൊന്നു. പുലിപ്പൂച്ചയാണെന്ന് സംശയിക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വനംവകുപ്പ് പ്രദേശത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും പട്രോളിങ് ശക്തമാക്കുകയും ചെയ്തു.

മലപ്പുറം: വഴിക്കടവ് മണിമുളി രണ്ടാംപാടത്ത് കൂട്ടിലടച്ച വളര്‍ത്തുനായയെ അജ്ഞാത ജീവി കടിച്ചുകൊന്നു. കല്ലുകുളത്തില്‍ കുഞ്ഞമ്മ തോമസിന്‍റെ നായയാണ് ചത്തത്. കമ്പിവലകൊണ്ടുള്ള കൂട് തകര്‍ത്താണ് ജീവി അകത്തുകയറി നായയെ ആക്രമിച്ചത്. ശരീരമാകെ മുറിവുകളുണ്ട്. രാവിലെ നോക്കിയപ്പോഴാണ് നായ ചത്തുകിടക്കുന്നത് കണ്ടത്. രണ്ടാഴ്ച മുമ്പും ഇതേ നായക്ക് അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

ചികിത്സ നല്‍കി സുഖപ്പെടുത്തി വരുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പി വിമലിന്‍റെ നേതൃത്വത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ കാല്‍പ്പാടുകളും ജീവിയുടെ പെരുമാറ്റരീതിയും പരിശോധിച്ചതില്‍ പുള്ളിപ്പുലിയുടെ സാന്നിധ്യമല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മാര്‍ജാര വംശത്തില്‍പ്പെട്ട പുലിപ്പൂച്ചയാകാമെന്നാണ് വനപാലകരുടെ സംശയം. പുള്ളിപ്പുലിയുടെ രൂപസാദൃശ്യമുള്ള ചെറിയ വന്യജീവിയാണിത്.

രണ്ടാംപാടത്ത് നേരത്തേ താറാവുകളെയും കോഴികളെയും അജ്ഞാത ജീവി പിടിച്ചതായി പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചയോളം പ്രദേശത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചെങ്കിലും വന്യമൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. മാസങ്ങള്‍ക്കുമുമ്പ് ബൈക്കിന് മുന്നിലേക്ക് അജ്ഞാത ജീവി ചാടിയതിനെ തുടര്‍ന്ന് യുവാവ് അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് നടത്തിയ പരിശോധനയില്‍ പൂച്ചപ്പുലിയുടെ കാല്‍പ്പാടുകള്‍ സ്ഥിരീകരിച്ചിരുന്നു.

പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. നാലിടങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ദ്രുതകര്‍മ സേനയുടെയും വനപാലകരുടെയും രാത്രികാല പട്രോളിങ്ങും ശക്തമാക്കും. വനപാലകരും ജനപ്രതിനിധികളും പ്രദേശം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.