
പാലക്കാട്: സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ പാലക്കാട് അരിമണിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ സുമേഷിനെയാണ് അരിമണി എസ്റ്റേറ്റിലെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 39 വയസുകാരനാണ് സുമേഷ്. ഇദ്ദേഹം മൂന്നു ദിവസമായി അവധിയിൽ ആയിരുന്നു. കുടുംബ പ്രശ്നത്തെ തുടർന്നുള്ള ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. മുണ്ടൂർ കയ്യറ സ്വദേശിയാണ് മരിച്ച സുമേഷ്.
അതേസമയം ഇടുക്കി കാഞ്ചിയാറിൽ കട്ടിലിനടിയിൽ നിന്നും കണ്ടെത്തിയ യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നും പോസ്റ്റ് മോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളുവെന്നും കട്ടപ്പന ഡി വൈ എസ് പി നിഷാദ് മോൻ വി എ വ്യക്തമാക്കി. ചൊവ്വാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് കാഞ്ചിയാർ വട്ടമുകുളേൽ ബിജേഷിന്റെ ഭാര്യ വത്സമ്മയെന്ന അനുമോളുടെ മൃതദേഹം വീട്ടിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്. ജഡം അഴുകിയതിനാൽ മുറിവുകളോ മറ്റ് അടയാളങ്ങളോ കണ്ടെത്താനായിട്ടില്ല. ഇടുക്കി സബ്കളക്ടർ അരുൺ എസ് നായരുടെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് നടത്തിയത്. ഡോഗ് സ്ക്വാഡും ഫോറൻസിക്ക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വെള്ളിയാഴ്ച രാത്രി മരണം നടന്നിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. ശനിയാഴ്ചയാണ് അനുമോളെ കാണാനില്ലെന്നു ഭർത്താവ് ബിജേഷ് ബന്ധുക്കളെ അറിയിക്കുകയും കട്ടപ്പന പ`ലീസിൽ പരാതി നൽകുകയും ചെയ്തത്. പരാതി നൽകിയ ശേഷം കാണാതായ ഭർത്താവ് ബിജേഷിനെ ഇനിയും പൊലീസിന് കണ്ടെത്താനായിട്ടില്ല. ഇയാൾ ഒളിവിലാണ് എന്നാണ് നിഗമനം. ഇതിനിടെ ബിജേഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയെന്ന വാർത്ത വ്യാജമാണെന്നും പൊലീസ് പറഞ്ഞു. ഇയാളെ കണ്ടെത്താനുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam