ചെറുകിട വിതരണക്കാര്‍ക്ക് ഇരുട്ടടിയായി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ നോട്ടീസ്

By Web TeamFirst Published Oct 10, 2020, 9:05 AM IST
Highlights

സപ്ലൈക്കോ വഴി വിൽക്കുന്ന സാധനങ്ങളുടെ മേൽ പ്രദർശന നിരക്ക് ആവശ്യപ്പെട്ടാണ് സിവിൽ സപ്ലൈസ് കോ‍ർപ്പറേഷൻ വിതരണക്കാർക്ക് നോട്ടീസ് അയച്ചത്. 

തിരുവനന്തപുരം: സപ്ലൈക്കോയുടെ ഔട്ട്‍ലെറ്റുകളിൽ വിൽക്കുന്ന സാധനങ്ങൾക്ക് പ്രദർശന നിരക്ക് ആവശ്യപ്പെട്ട് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ നോട്ടീസ്. കൊവിഡ് സാന്പത്തിക പ്രതിസന്ധിയിൽ ബന്ധിമുട്ടുന്ന ചെറുകിട വ്യവസായ വിതരണക്കാർക്ക് നോട്ടീസ് ഇരുട്ടടിയായെന്ന് വിതരണക്കാരുടെ സംഘടന ആരോപിച്ചു. അതേസമയം പരാതികൾ ഉണ്ടെങ്കിൽ നോട്ടീസ് പുനഃപരിശോധിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

സപ്ലൈക്കോ വഴി വിൽക്കുന്ന സാധനങ്ങളുടെ മേൽ പ്രദർശന നിരക്ക് ആവശ്യപ്പെട്ടാണ് സിവിൽ സപ്ലൈസ് കോ‍ർപ്പറേഷൻ വിതരണക്കാർക്ക് നോട്ടീസ് അയച്ചത്. ഓരോ ഇനത്തിന് മേലും 2000 രൂപ അടയ്ക്കാനാണ് നിര്‍ദേശം. എത്ര ഔട്ട്ലെറ്റുകളുണ്ടോ അത്രയും സ്ഥലങ്ങളിൽ ഈ തുക അടയ്ക്കണം. എന്നാൽ കൊവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ചെറുകിട വ്യവസായികളായ വിതരണക്കാർക്ക് നോട്ടീസ് ഇരുട്ടടി ആയെന്നാണ് ആരോപണം,

സപ്ലൈക്കോയിൽ വിൽക്കുന്ന നിത്യോപയോഗ സാധനങ്ങൾ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നവരുടെ സംഘടനയാണ് കെഎസ്എസ്എ. വളരെ ചെറിയ ലാഭത്തിൽ സാധനങ്ങൾ വിൽക്കുന്ന ഇവ‍ർക്ക് പ്രദർശന് നിരക്ക് വലിയ ബാധ്യതയുണ്ടാക്കും എന്നാണ് വിലയിരുത്തൽ. 

2019 സെപ്തംബർ മുതൽ സാധനങ്ങൾ വിറ്റ വകയിൽ സപ്ലൈക്കോയിൽ നിന്ന് കോടിക്കണക്കിന് രൂപ കിട്ടാനുണ്ടെന്നും ഇവർ പറഞ്ഞു. പ്രദർശന നിരക്ക് നൽകാത്ത പക്ഷം ആ തുക കുടിശ്ശികയിൽ നിന്ന് ഈടാക്കും എന്നാണ് നോട്ടീസിൽ പറയുന്നത്. 

നോട്ടീസിനെ കുറിച്ച് സപ്ലൈക്കോ എംഡിയോട് അന്വേഷിച്ചപ്പോൾ പരാതികൾ ഉണ്ടെങ്കിൽ നോട്ടീസ് പുനപരിശോധിക്കും എന്നായിരുന്നു വിശദീകരണം.

click me!